ഹൈദരാബാദ്: തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി(ബി.ആർ.എസ്) എം.എൽ.എ ലാസ്യ നന്ദിത(37) വാഹനാപകടത്തിൽ മരിച്ചു. എം.എൽ.എ സഞ്ചരിച്ചിരുന്ന വാഹനം ഇന്ന് പുലർച്ചെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ലാസ്യയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ നവംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായാണ് ലാസ്യ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടത്. 2016 മുതൽ കാവടിഗുഡ കോർപറേഷനിൽ കൗൺസിലറായിരുന്നു.
1986ൽ ഹൈദരാബാദിൽ ജനിച്ച ലാസ്യ നന്ദിത, 2014ലാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്. 2023ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ സെക്കന്ദരാബാദ് കന്റോൺമെന്‍റ് മണ്ഡലത്തിൽ നിന്നാണ് എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.
എം.എൽ.എയായിരുന്ന പിതാവിന്‍റെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ലാസ്യയെ മത്സരിപ്പിക്കാൻ ബി.ആർ.എസ് തീരുമാനിച്ചത്. ലാസ്യയുടെ മരണത്തിൽ അനുശോചനം അറിയിച്ച് നിരവധി നേതാക്കൾ രംഗത്തെത്തി.