കുണ്ടറ: സംഘർഷം അന്വേഷിക്കാനെത്തിയ കുണ്ടറ സ്റ്റേഷനിലെ പൊലീസ് സംഘത്തിനുനേരെ ആക്രമണം. നാലു പൊലീസുകാർക്ക് പരിക്കേറ്റു.
സംഭവത്തിൽ പെരിനാട് മംഗലഴികത്ത് വീട്ടിൽ അഭിലാഷ്(35), കുഴിയം ലക്ഷ്‌മി വിലാസത്തിൽ ചന്തുനായർ(22), രത്ന ഭവനിൽ അരവിന്ദ്(32), സാനു നിവാസിൽ മനു പ്രസാദ്(32 )എന്നിവരെ അറസ്റ്റ് ചെയ്‌തു.
എസ്ഐമാരായ എസ് സുജിത്, എൻ സുധീന്ദ്രബാബു, സിപിഒമാരായ ജോർജ് ജെയിംസ്, എ സുനിൽ എന്നിവർക്കാണ് മർദനമേറ്റത്. ഞായർ രാത്രി 7.45ന് പൂജപ്പുര ക്ഷേത്രസമീപം കൂനംവിള ജങ്ഷനിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി.
നാട്ടുകാർ അറിയിച്ചത് അനുസരിച്ച് എത്തിയതായിരുന്നു പൊലീസ്. ഉദ്യോഗസ്ഥരെ കണ്ട സംഘം തമ്മിൽതല്ല് നിർത്തി ഇവരെ ആക്രമിക്കുക ആയിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സതേടി.