Timely news thodupuzha

logo

ക്വിറ്റ്‌ ഡബ്ല്യുടിഒ ദിനം ആചരിച്ചു

ന്യൂഡൽഹി: ലോക വ്യാപാര സംഘടനയിൽ(ഡബ്ല്യൂ.റ്റി.ഒ) നിന്ന്‌ ഇന്ത്യ പിൻവാങ്ങണമെന്ന്‌ ആവശ്യപ്പെട്ട്‌ സംയുക്ത കിസാൻമോർച്ചയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ‘ക്വിറ്റ്‌ ഡബ്ല്യുടിഒ ദിനം’ ആചരിച്ചു.

ദേശീയപാത – സംസ്ഥാന പാതകളിൽ പകൽ 12 മുതൽ നാലുവരെ ട്രാക്‌ടറുകൾ നിരത്തി പ്രതിഷേധിച്ചു. ഗതാഗതം തടസ്സപ്പെടാത്ത നിലയിലായിരുന്നു പ്രതിഷേധം.

മിനിമം താങ്ങുവില നിയമാനുസൃതമാക്കുക, കർഷക സമരത്തെ അടിച്ചമർത്താനുള്ള നീക്കത്തിൽ നിന്ന്‌ ബി.ജെ.പി സർക്കാർ പിന്തിരിയുക, കാർഷിക കടാശ്വാസം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

ഹരിയാന റോത്തക്കിൽ പ്രതിഷേധത്തിന്‌ അഖിലേന്ത്യ കിസാൻസഭ ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌, കർഷക തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്‌ എന്നിവർ നേതൃത്വം നൽകി.

ഹിസാറിൽ 50 സ്ഥലത്ത്‌ ട്രാക്ടർ നിരത്തിയിട്ട്‌ പ്രതിഷേധിച്ചു. പഞ്ചാബിൽ അമൃത്‌സറിലും ഹോഷിയാർപുരിലും ഒട്ടേറെ സ്ഥലങ്ങളിൽ പ്രതിഷേധമുണ്ടായി. ഡൽഹിയിലേയ്ക്ക്‌ റാലി നടത്തിയ കർഷകരെ യമുന എക്‌സ്‌പ്രസ്‌ വേയിൽ പൊലീസ്‌ തടഞ്ഞു.

ഡബ്ല്യുടിഒ അംഗരാജ്യങ്ങളുടെ 13ആമത്‌ മന്ത്രിതല ഉച്ചകോടി തിങ്കളാഴ്‌ച മുതൽ മൂന്നുദിവസം അബുദാബിയിൽ ചേരുന്ന പശ്ചാത്തലത്തിലാണ്‌ സംയുക്ത കിസാൻമോർച്ചയുടെ പ്രതിഷേധ ദിനാചരണം.

കാർഷിക മേഖലയ്‌ക്ക്‌ അംഗരാജ്യങ്ങൾ നൽകുന്ന സാമ്പത്തിക സഹായത്തിൽ 2034ഓടെ 50 ശതമാനം കുറവുവരുത്തണം എന്നതടക്കം ഉച്ചകോടിയിൽ വരുന്ന പല നിർദേശങ്ങളും രാജ്യത്തെ കർഷകർക്ക്‌ അങ്ങേയറ്റം ദോഷകരമാണ്‌. പൊതുസംഭരണത്തെയും പൊതുവിതരണത്തെയും അടക്കം ഡബ്ല്യു.റ്റി.ഒ നിർദേശങ്ങൾ ബാധിക്കും.

Leave a Comment

Your email address will not be published. Required fields are marked *