ന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ രാഷ്ട്രീയം അവസാനിപ്പിക്കുന്നു. എക്സിലൂടെയാണ് ഗംഭീർ ഇക്കാര്യം പങ്കു വച്ചത്.
ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് ശ്രദ്ധയർപ്പിക്കുന്നതിനായി സജീവ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നാണ് ഗംഭീർ കുറിച്ചിരിക്കുന്നത്.
രാഷ്ട്രീയ ഉത്തരവാദിത്തങ്ങളിൽ നിന്ന് എനിക്ക് വിടുചൽ നൽകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്ക് കത്തു നൽകിയതായും ഗംഭീർ കുറിച്ചിട്ടുണ്ട്.
ജനങ്ങളെ സേവിക്കാൻ തനിക്ക് അവസരം നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നന്ദി പറഞ്ഞു കൊണ്ടാണ് ഗംഭീർ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഈസ്റ്റ് ഡൽഹിയിൽ നിന്നാണ് ഗംഭീർ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. 2019 മാർച്ചിലാണ് ഗംഭീർ ബിജെപിയിൽ ചേർന്ന് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയത്.
അതിനു ശേഷം ഡൽഹിയിലെ ബി.ജെ.പിയുടെ മുഖം തന്നെയായി ഗംഭീർ മാറി. ഈസ്റ്റ് ഡൽഹിയിൽ നിന്ന് 2019ൽ 6,95,109 വോട്ടുകളോടെയാണ് ഗംഭീർ വിജയിച്ചത്.
എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ഇത്തവണ ഗംഭീറിന് ടിക്കറ്റ് ലഭിക്കാൻ ഇടയില്ലെന്ന് അഭ്യൂഹം ഉയർന്നിരുന്നു. ഇതു തന്നെയാണ് അപ്രതീക്ഷിതമായ പ്രഖ്യാപനത്തിനു പിന്നിലുള്ള കാരണമെന്നാണ് നിരീക്ഷകർ പറയുന്നത്.