കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതികളായ സിൻജോ ജോൺസൺ(21) കാശിനാഥൻ എന്നിവർ അറസ്റ്റിൽ.
പ്രത്യേക അന്വേഷണ സംഘം വയനാട്ടിലെ ബന്ധു വീട്ടിൽ നിന്നാണ് സിൻജോയെ പിടി കൂടിയത്. കാശിനാഥൻ നേരിട്ട് പൊലീസിനു മുന്നിൽ കീഴടങ്ങുകയായിരുന്നു. ഇവരെ പൊലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.
ഇതോടെ കേസിൽ 13 പേർ അറസ്റ്റിലായി. ഇവരുൾപ്പെടെ നാലു പേർക്കെതിരേയാണ് പൊലീസ് ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്. കേസിൽ 31 പേർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം.
സിൻജോ സിദ്ധാർഥനെ മർദിക്കുക മാത്രമല്ല ഇക്കാര്യം പുറത്തു പറഞ്ഞാൽ തല വെട്ടുമെന്ന് മറ്റു വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയതായും സിദ്ധാർഥന്‍റെ അച്ഛൻ റ്റി ജയപ്രകാശ് ആരോപിച്ചു.
സിൻജോയും സുഹൃത്തുക്കളുമാണ് സിദ്ധാർഥിനെ മർദിച്ചതെന്ന് മറ്റു വിദ്യാർഥികൾ തന്നോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം കീഴടങ്ങിയ കോളെജ് യൂണിയൻ പ്രസിഡന്‍റ് കെ അരുൺ, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, യൂണിയൻ അംഗം എൻ ആസിഫ് ഖാൻ, മലപ്പുറം സ്വദേശിയായ അമീൻ അക്ബർ അലി എന്നിവരെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.