തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വർധന നിലവിൽ വന്നു. മദ്യത്തിന് 10 രൂപ മുതൽ 20 രൂപ വരെയാണ് വർദ്ധിച്ചത്. മദ്യത്തിന്‍റെ വിൽപന നികുതി വർധിപ്പിച്ചുള്ള ബില്ലിൽ ഗവർണർ ഇന്നലെ ഒപ്പുവെച്ചിരുന്നു. പിന്നാലെയാണ് വില വർധ ഇന്ന് മുതൽ പ്രാബല്യത്തിലായത്. പുതുക്കിയ വില ഉപഭോക്താക്കളിൽ നിന്ന് ഇടാക്കി തുടങ്ങി.
ബിയറിനും വൈനിനും നാളെ മുതൽ വില വർധിക്കും. ജവാൻ മദ്യത്തിന്‍റെ വില 600 രൂപയിൽ നിന്ന് 610 രൂപയായി. എംഎച് ബ്രാൻഡ് 1020 രൂപയിൽ നിന്ന് 1040 രൂപയായി. ഇത്തരത്തിൽ ഭൂരിഭാഗം ബ്രാൻഡുകൾക്കും പത്ത് മുതൽ 20 രൂപ വരെയാണ് കൂടുന്നത്. നേരത്തെ ജനുവരി ഒന്ന് മുതലായിരിക്കും വില വർധന പ്രാബല്യത്തിൽ വരികയെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ ഗവർണർ ഒപ്പിട്ടതിന് പിന്നാലെ ഇന്ന് മുതൽ പുതുക്കിയ വില ഈടാക്കണമെന്ന് ബെവ്കോ നിർദ്ദേശം നൽകുകയായിരുന്നു. മദ്യ കമ്പനികളിൽ നിന്ന് ഈടാക്കിയിരുന്ന വിറ്റുവരവ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. ഇതോടെ ഒരു വർഷം 195 കോടിയുടെ നഷ്ടമാണ് ബെവ്കോയ്ക്ക് ഉണ്ടായത്. ഈ നഷ്ടം നികത്താനാണ് വിൽപ്പന നികുതി കൂട്ടാൻ തീരുമാനിച്ചത്. നാല് ശതമാനമാണ് നികുതി കൂടുന്നത്