പൊതു ഖജനാവ് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് ചെലവു ചുരുക്കൽ നടപടികൾ കർശനമാക്കാനുള്ള തീരുമാനം എത്രമാത്രം ഗൗരവത്തിലാണ് ബന്ധപ്പെട്ടവർ കാണുന്നതെന്ന് ആവർത്തിച്ചു പരിശോധിക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് വകുപ്പു തലവന്മാര്ക്കു നൽകിയ സർക്കുലർ ചെലവു ചുരുക്കല്‍ നടപടികളിൽ യാതൊരു അലംഭാവവും കാണിക്കരുതെന്ന് ഓർമിപ്പിക്കുന്നതാണ്. കർശനമായി ചെലവു ചുരുക്കാൻ കഴിഞ്ഞ നവംബറിൽ നൽകിയ നിർദേശം വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കണമെന്നാണ് സർക്കാർ ഇപ്പോൾ ആവശ്യപ്പെടുന്നത്. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും ചീഫ് സെക്രട്ടറിയുടെ സർക്കുലർ നൽകുന്നുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുകയും വീഴ്ച വരുത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടം ഈടാക്കുമെന്നാണു പറയുന്നത്. 2020 നവംബറിലാണ് സാമ്പത്തിക നിയന്ത്രണങ്ങൾക്കു സർക്കാർ തുടക്കമിട്ടത്. കഴിഞ്ഞ നവംബറിൽ അതു നീട്ടുകയാണുണ്ടായത്. ഈ നിയന്ത്രണം നിലനിൽക്കുമ്പോൾ തന്നെ സാമ്പത്തിക ധൂർത്താണു നടക്കുന്നതെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുണ്ട്. ഉത്തരവുകൾ ഒരുവഴിക്കും നടപടികൾ മറ്റൊരു വഴിക്കും എന്ന നില എന്തായാലും ഉണ്ടായിക്കൂടാ.
ചെലവു ചുരുക്കാനുള്ള ആവർത്തിച്ചുള്ള സർക്കുലർ സൂചിപ്പിക്കുന്നത് വേണ്ടത്ര ഗൗരവം ഉദ്യോഗസ്ഥർ ചെലവു ചുരുക്കലിനു നൽകുന്നില്ല എന്നാണോ എന്നു സംശയിക്കാവുന്നതാണ്. അത്യാവശ്യമല്ലാത്ത ചെലവുകൾ ചുരുക്കാനുള്ള നിർദേശം ധനവകുപ്പ് നേരത്തേ നൽകിയിട്ടുണ്ട്. വിമാനയാത്ര, പുതിയ വാഹനങ്ങള്‍ വാങ്ങല്‍, ഓഫിസ് മോടി പിടിപ്പിക്കല്‍, ഫര്‍ണിച്ചറുകള്‍ വാങ്ങല്‍ തുടങ്ങിയവയൊക്കെ ഇതിൽ ഉൾപ്പെടും. ഈ ചെലവുകളൊക്കെ ഏറ്റവും കുറവാണെന്ന് ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു. അതല്ലെങ്കിൽ പാവപ്പെട്ടവരുടെ നിത്യജീവിതത്തിനു സഹായകമാവുന്ന ക്ഷേമപെൻഷനുകൾ അടക്കം നൽകാൻ കഴിയാത്ത അവസ്ഥയുണ്ടാവും. ആദ്യ പരിഗണന നൽകേണ്ടത് സാധാരണക്കാർക്കായുള്ള വിവിധ ക്ഷേമപദ്ധതികൾ മുടക്കം കൂടാതെ മുന്നോട്ടുപോകുന്നുവെന്ന് ഉറപ്പാക്കാനാണ്. അതിനൊപ്പം സർക്കാരിന്റെ നിത്യനിദാനവും നടക്കണം.
സർക്കാർ സഹായങ്ങൾ ഓരോ മാസവും കുടിശികയാകുമ്പോൾ അതു കാത്തിരിക്കുന്നവർ നട്ടം തിരിയുകയാണ്. സർക്കാർ ചെലവിലുള്ള വിദേശയാത്രകളോ രാജ്യത്തിനകത്തു തന്നെയുള്ള ആഡംബര യാത്രകളോ ഒക്കെ തത്കാലം പരിമിതപ്പെടുത്തേണ്ടത് സംസ്ഥാനത്തിനും ജനങ്ങൾക്കും വേണ്ടിയാണ്. മുകൾത്തട്ടിൽ നിന്നു തന്നെ കണിശമായി ചെലവു ചുരുക്കാൻ തയാറായില്ലെങ്കിൽ താഴെത്തട്ടിൽ അതു നടക്കണമെന്ന് ആജ്ഞാപിക്കുന്നതിൽ അർഥവുമില്ല. തിരുത്തൽ നടപടികൾ മുകളിൽ നിന്നു തന്നെ തുടങ്ങണം.
കടം വാങ്ങി വാങ്ങി വലിയ കടക്കെണിയിലേക്കാണു കേരളം പോകുന്നതെന്ന ആശങ്ക സാമ്പത്തിക മേഖലയിലെ പലരും പങ്കുവയ്ക്കുന്നുണ്ട്. കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങൾ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഏതാനും മാസങ്ങൾക്കു മുൻപ് മുന്നറിയിപ്പു നൽകിയത് റിസർവ് ബാങ്കിന്റെ ഒരു ഗവേഷണ സംഘമാണ്. കടംകയറി മുടിഞ്ഞ് ജനകീയ പ്രതിഷേധത്തിലമർന്ന ശ്രീലങ്കയുടെ പശ്ചാത്തലം ചൂണ്ടിക്കാണിച്ചാണ് അവരുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നത്. ആഡംബരവും ധൂർത്തും അവസാനിപ്പിച്ചില്ലെങ്കിൽ മൊത്തം കൈവിട്ടുപോകുമെന്ന മുന്നറിയിപ്പ് അവർ നൽകിയിരുന്നതാണ്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരന്തരം പ്രശ്നങ്ങളെ നേരിടുകയാണു സംസ്ഥാനം. 2017ൽ ഓഖി, 2018ലും 2019ലും വെള്ളപ്പൊക്കം, പിന്നീടു രണ്ടു വർഷം കൊവിഡ് മഹാമാരി എന്നിങ്ങനെ സർക്കാരിനെയും സാമ്പത്തിക വ്യവസ്ഥയെയും ബാധിച്ച വിഷയങ്ങൾ ഒരുവശത്തുണ്ട്. കൊവിഡ്കാലത്തുണ്ടായ വലിയ തോതിലുള്ള വരുമാന നഷ്ടം ഖജനാവിനെ ബാധിച്ചു. ഇപ്പോൾ കേന്ദ്രത്തിൽ നിന്ന് ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കുന്നതും അവസാനിച്ചിരിക്കുകയാണ്. റവന്യൂ കമ്മി നികത്തുന്നതിനുള്ള ഗ്രാന്റും കുറയുന്നു. ഇതിനൊക്കെ പുറമേയാണ് വായ്പയെടുക്കുന്നതിനുള്ള പരിധിയിലും ഫലത്തിൽ വെട്ടിക്കുറവു വരുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളും പ്രത്യേക ഉദ്ദേശ സ്ഥാപനങ്ങളും സർക്കാരിന്റെ ഉറപ്പിന്മേൽ വാങ്ങുന്ന വായ്പയും സർക്കാരിന്റെ വായ്പാപരിധിയിൽ ഉൾപ്പെടുത്തിയതാണു തിരിച്ചടിയായിരിക്കുന്നത്. കിഫ്ബിയും കെഎസ്എസ്പിഎലും ഉൾപ്പെടെ എടുക്കുന്ന എല്ലാ വായ്പകളും സംസ്ഥാന സര്‍ക്കാരിന്റെ പൊതുകടത്തിൽ കേന്ദ്രം ഉൾപ്പെടുത്തുകയാണ്. ഇതിൽ നിന്നു പിന്മാറണമെന്ന് പലതവണ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. പ്രതിസന്ധി തിരിച്ചറിഞ്ഞ് കേന്ദ്രത്തിൽ നിന്ന് അനുകൂല നടപടികൾ ഉണ്ടാവണം എന്നതുപോലെ പ്രധാനമാണ് സംസ്ഥാനത്തിനകത്തു നിന്നുള്ള വരുമാന വർധനയും ചെലവു ചുരുക്കലും. പുതുവർഷത്തിൽ വളരെ ജാഗ്രതയോടെ നീങ്ങിയില്ലെങ്കിൽ സ്ഥിതിഗതികൾ മോശമായേക്കാം. അതു തിരിച്ചറിയേണ്ടത് ബന്ധപ്പെട്ട അധികാരികളും ഉദ്യോഗസ്ഥരും തന്നെയാണ്