കൊച്ചി: കളമശേരിയിൽ പഴകിയ മാംസം പിടിച്ചെടുത്ത സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ലീഗൽ സർവീസസ് അതോറിറ്റിക്ക് (കെൽസ) രജിസ്ട്രാർ നിർദേശം നൽകി. സംഭവത്തെക്കുറിച്ച് റിപ്പോർട്ടു നൽകാൻ ലീഗൽ അതോറിറ്റി കളമശ്ശേരി മുൻസിപ്പാലിറ്റിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഇന്നലെയാണ് കളമശ്ശേരിയിൽ നിന്നും 500 കിലോ പഴകിയ കോഴിയിറച്ചി പിടികൂടിയത്. ഷവര്‍മ ഉണ്ടാക്കാന്‍ സൂക്ഷിച്ചിരുന്ന, ദുര്‍ഗന്ധം വമിക്കുന്ന നിലയിലുള്ള ഇറച്ചിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടിയത്. പരിശോധനയിൽ 150 കിലോഗ്രാം പഴകിയ എണ്ണയും പിടിച്ചെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശി ജുനൈസ് വാടകയ്‌ക്കെടുത്ത വീട്ടില്‍ നിന്നാണ് 500 കിലോ ചീഞ്ഞളിഞ്ഞ ഇറച്ചി പിടിച്ചെടുത്തത്.
നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് ഷവർമ ഉണ്ടാക്കുന്നതിനായി സൂക്ഷിച്ചിരുന്ന ഇറച്ചിയാണിത്. എച്ച്എംടിക്ക് അടുത്ത കൈപ്പടമുകളിലെ വീട്ടില്‍ ഫ്രീസറുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു പഴകിയ ഇറച്ചി സൂക്ഷിച്ചിരുന്നത്. ഫ്രീസര്‍ തുറന്നപ്പോള്‍ തന്നെ ദുർഗന്ധംവമിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ വ്യാപകമായി പരിശോധന നടക്കുന്നതിനിടയിലും വിവിധയിടങ്ങളില്‍ പഴകിയ ഇറച്ചി വിതരണം നടക്കുന്നുണ്ടെന്നും വിവരമുണ്ട്.
സുനാമി ഇറച്ചി പിടികൂടിയതിന് പിന്നാലെ കളമശ്ശേരി നഗരസഭാ പരിധിയിൽ ഇന്നലെ വ്യാപക പരിശോധന നടന്നിരുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗവും, കളമശ്ശേരി നഗരസഭയിലെ ആരോഗ്യ വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയില്‍ രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടിച്ചു.