ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ പരാമര്‍ശം കര്‍ഷകര്‍ക്ക് ആശാവഹമാണെന്ന് സീറോമലബാര്‍ സിനഡ്. മുഴുവന്‍ ജനവാസകേന്ദ്രങ്ങളെയും കൃഷിഭൂമിയെയും തോട്ടങ്ങളെയും ബഫര്‍ സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള സത്വര നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങള്‍ക്കുചുറ്റും ജീവിക്കുന്ന ജനങ്ങള്‍ അപ്രഖ്യാപിത കുടിയിറക്കിന്‍റെ വക്കിലാണെന്ന് സിനഡ് നിരീക്ഷിച്ചു.
മലബാര്‍ പ്രദേശത്തെ വയനാട്, മലബാര്‍, ആറളം എന്നീ വന്യജീവി സങ്കേതങ്ങളുടെ സമീപം ജീവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ ഇപ്പോള്‍ സര്‍ക്കാര്‍ വിശദമാക്കുന്ന രീതിയില്‍ ബഫര്‍ സോണ്‍ അന്തിമമായി തീരുമാനിക്കപ്പെട്ടാല്‍ വഴിയാധാരമാകും.സൈലന്‍റ് വാലി, ചൂലന്നൂര്‍, പീച്ചി-വാഴാനി, ചിമ്മിനി, പറമ്പിക്കുളം സങ്കേതങ്ങളുടെ ബഫര്‍ സോണില്‍ പാലക്കാട് ജില്ലയിലെ 24 വില്ലേജുകള്‍ ഉള്‍പെടുന്നു. എല്ലാ സങ്കേതങ്ങളുടെയും ബഫര്‍ സോണ്‍ ഒന്നില്‍ കൂടുതല്‍ കിലോമീറ്റര്‍ ഉള്ളതും, കൃഷിഭൂമിയും, ജനവാസ കേന്ദ്രങ്ങളും ഉള്‍ക്കൊള്ളുന്നതുമാണ്. വനപ്രദേശമല്ലാത്ത ചൂലന്നൂരില്‍ ബഫര്‍ സോണ്‍ പൂര്‍ണ്ണമായും ജനവാസമേഖലയിലാണ്.
നിലവിലുള്ള സങ്കേതങ്ങള്‍ക്ക് പുറമേ അട്ടപ്പാടിയില്‍ പുതുതായി വനംവകുപ്പ് ശുപാര്‍ശ ചെയ്തിരിക്കുന്ന ഭവാനി വന്യജീവി സങ്കേതം അട്ടപ്പാടിയെ കൂടുതല്‍ ദോഷകരമായി ബാധിക്കും. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുള്ള ഈ പുതിയ നീക്കം കര്‍ഷകരോടുള്ള വെല്ലുവിളിയായി മാത്രമേ മനസ്സിലാക്കാനാകൂ എന്ന് സിനഡ് വിലയിരുത്തി.
തട്ടേക്കാട് പക്ഷിസങ്കേതം ജനവാസ മേഖലയിലേക്ക് വ്യാപിച്ചുകിടക്കുന്നു എന്നുള്ളത് ഈ പ്രദേശത്തെ വലിയ ആശങ്കയാണ്. പക്ഷിസങ്കേതത്തിന്റെ നിലവിലെ അതിര്‍ത്തിക്കുള്ളില്‍ 9 ചതുരശ്ര കിലോമീറ്ററിലായി കുട്ടമ്പുഴ പഞ്ചായത്തിലെ 14,16,17 വാര്‍ഡുകളും ആ വാര്‍ഡുകളിലെ 12000ത്തോളം ആളുകളും ഉള്‍പ്പെടുന്നു. ഈ ജനവാസമേഖല പക്ഷിസങ്കേതത്തിന്റെ നോട്ടിഫിക്കേഷന്‍ സമയത്ത് തെറ്റായി ഉള്‍പ്പെട്ടുപോയതാണ്. ഇക്കാര്യം കേരളാ വൈല്‍ഡ് ലൈഫ് അഡൈ്വസറി കമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടുള്ള ഔദ്യോഗിക രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ പ്രദേശത്തിന് പകരമായി നേര്യമംഗലം വനത്തിന്റെ ഭാഗമായ 10.17 ചതുരശ്ര കിലോമീറ്റര്‍ ഇതിനോട് കൂട്ടിച്ചേര്‍ക്കാനും ധാരണയായിട്ടുള്ളതാണ്. എന്നാല്‍ ഇവയൊന്നും നടപ്പിലാക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നത് ദുഃഖകരമാണ്. തട്ടേക്കാട് പക്ഷി സങ്കേതത്തെ സംബന്ധിച്ച അന്തിമ വിജ്ഞാപനം ഇതുവരെ ഇറങ്ങിയിട്ടില്ല. കരട് വിജ്ഞാപനത്തിനുശേഷം നടക്കേണ്ട യാതൊരുവിധ നടപടിക്രമങ്ങളും കഴിഞ്ഞ നാല് പതിറ്റാണ്ടുകളായിട്ടും നടന്നിട്ടില്ല. ഇത് ഈ പ്രദേശത്ത് അതീവഗൗരവതരമായ സാമ്പത്തീക – സാംസ്‌കാരിക – രാഷ്ട്രീയ സങ്കീര്‍ണ്ണതകള്‍ക്ക് കാരണമാകുന്നു എന്ന് സിനഡ് ചൂണ്ടിക്കാട്ടി.