ന്യൂഡൽഹി: പി.എച്ച്.ഡി പ്രവേശനത്തിന് ദേശീയ യോഗ്യതാ പരീക്ഷയുടെ(നെറ്റ്) മാർക്കു മാത്രം മാദനണ്ഡമാക്കി യു.ജി.സി. 2024 – 2025 അക്കാദമിക വർഷം മുതൽ പി.എച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്‌കോർ മാനദണ്ഡമാക്കും.
സർവകലാശാലകളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന വ്യത്യസ്‌ത പ്രവേശന പരീക്ഷകൾക്കു പകരം വിദ്യാർഥികളെ സഹായിക്കാനാണ് തീരുമാനമെന്ന് യു.ജി.സി അവകാശപ്പെട്ടു.
വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണം ലക്ഷ്യമിട്ട് നടപ്പാക്കിയ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ചുവടു പിടിച്ചാണ് പുതിയ പരിഷ്‌കാരം. ഇതു സംബന്ധിച്ച് വിദഗ്ധ സമിതിയും ശുപാർശ ചെയ്‌തിട്ടുണ്ട്.
ജൂൺ, ഡിസംബർ മാസങ്ങളിൽ നടത്തുന്ന നെറ്റ് പരീക്ഷ പ്രകാരം നിലവിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്(ജെ.ആർ.എഫ്), അസി. പ്രൊഫസർ നിയമനങ്ങളാണ് നൽകിയിരുന്നത്.
പുതിയ തീരുമാന പ്രകാരം പരീക്ഷ പാസാകുന്നവരെ മൂന്നു വിഭാഗങ്ങളാക്കി. സ്‌കോർ അനുസരിച്ച്, ജെ.ആർ.എഫിനൊപ്പം പി.എച്ച്.ഡി പ്രവേശനത്തിനും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും അർഹത.
രണ്ടാം വിഭാഗത്തിന് ജെ.ആർ.എഫ് ഇല്ലാതെ പി.എച്ച്.ഡി പ്രവേശനത്തിനും അസി. പ്രൊഫസർ നിയമനത്തിനും അർഹത. മൂന്നാം വിഭാഗത്തിൽ പി.എച്ച്.ഡി പ്രവേശനത്തിനു മാത്രം യോഗ്യത. രണ്ട്, മൂന്ന് വിഭാഗക്കാർക്ക് 70 ശതമാനം വെയിറ്റേജും അഭിമുഖത്തിന് 30 ശതമാനം വെയിറ്റേജും നൽകും.