കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് സി.പി.എമ്മുമായി ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്.
സി.പി.എമ്മിന് വേണ്ടി ആയുധമുണ്ടാക്കാന്‍ ഡി.വൈ.എഫ്.ഐയെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഗോവിന്ദന് പ്രതികരിച്ചു. സംഘടനയുമായി ബന്ധമുള്ള ആരെങ്കിലും ബോംബ് നിര്‍മാണത്തിന്റെ ഭാഗമായിട്ടുണ്ടോയെന്ന് ഡി.വൈ.എഫ്.ഐ പരിശോധിക്കട്ടെ.
ഒരാളും പാര്‍ട്ടിയുടെ അറിവോടെ അതിന് മുതിരേണ്ട. ബോംബ് നിര്‍മാണ കേസില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കട്ടെയെന്നും ഗോവിന്ദന് പറഞ്ഞു.
അതേസമയം പാനൂര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഡി.വൈ.എഫ്.ഐ പ്രാദേശിക ഭാരവാഹി ഷിജാലും കേസിലെ മറ്റൊരു പ്രതിയായ ഷബില്‍ ലാലും ചേര്‍ന്നാണ് ബോംബ് നിര്‍മാണത്തിനുള്ള വസ്തുക്കള്‍ വാങ്ങിയത്. ബോംബ് നിര്‍മാണത്തിനുള്ള സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയത് കല്ലിക്കണ്ടിയില്‍ നിന്ന് ആണെന്നും കണ്ടെത്തിയിട്ടുണ്ട്.