നെടുമങ്ങാട്: വിതുര ആനപ്പാറ ചിറ്റാറിലെ വീട്ടിൽ നിന്ന് മാൻകൊമ്പും തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു.
ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകളിലെ പ്രതി വിതുര ആനപ്പാറ ചിറ്റാർ നാസ് കോട്ടേജിൽ ചിറ്റാർ ഷഫീഖ് എന്നറിയപ്പെടുന്ന ഷഫീഖിനെ(35) അറസ്റ്റ് ചെയ്തു.
ചിറ്റാറിലെ വീട്ടിൽ ആയുധ നിർമാണം നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി കിരൺ നാരായണനു വിവരം ലഭിച്ചതിനെത്തുടർന്ന് ഡാൻസാഫ് ടീമും പൊലീസും നടത്തിയ പരിശോധനയിലാണ് മാരകായുധങ്ങളും മാൻകൊമ്പും കണ്ടെത്തിയത്.
വിതുര, കല്ലാർ മേഖലകളിലെ പതിവു കുറ്റവാളിയായ ഇയാൾ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി വധശ്രമം, മയക്കുമരുന്ന് കച്ചവടം ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
അടുത്തിടെ വിതുരയിൽ കാർ അടിച്ചുതകർത്ത കേസിലും വീട്ടിൽ ബോംബ് എറിഞ്ഞ കേസിലുമായി ജയിൽശിക്ഷ അനുഭവിച്ച ഷഫീഖ് രണ്ടു മാസം മുമ്പാണ് പുറത്തിറങ്ങിയത്.
ഷഫീഖിന്‍റെ വീട് വളഞ്ഞ് നടത്തിയ റെയ്‌ഡിൽ ഇരു നില വീടിന്‍റെ മുകളിലത്തെ ഒരു മുറി ആയുധ നിർമാണത്തിനായി ഉപയോഗിക്കുന്നതായി കണ്ടെത്തി.