ന്യൂഡൽഹി: കോവിഡ് വാക്‌സിനായ കോവിഷീൽഡ് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് സമ്മതിച്ച് ബ്രിട്ടീഷ് ഫാർമ ഭീമനായ ആസ്ട്രസെനെക്ക.
ചില സന്ദർഭങ്ങളിൽ, രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുമെന്ന് വാക്‌സിൻ നിർമ്മാതാവ് കോടതിയിൽ നൽകിയ രേഖകളിൽ പറഞ്ഞു. ദ ടെലഗ്രാഫ് ആണ് വാർത്ത പുറത്തു വിട്ടത്.
മഹാമാരിയുടെ സമയത്ത് ആസ്ട്രസെനെക്കയും ഓക്‌സ്‌ഫർഡ് യൂണിവേഴ്‌സിറ്റിയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ്, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിച്ച് രാജ്യത്ത് വ്യാപകമായി നൽകിയിരുന്നു.
വാകസിൻ നിരവധി മരണങ്ങൾക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായെന്ന് കാണിച്ച് യുകെ ഹൈക്കോടതിയിൽ 51 കേസുകളാണുള്ളത്.
ജാമി സ്കോട്ട് ആണ് കേസിന് തുടക്കമിട്ടത്. 2021 ഏപ്രിലിൽ തനിക്ക് വാക്‌സിൻ ലഭിച്ചെന്നും രക്തം കട്ടപിടിച്ചതിനെത്തുടർന്ന് തലച്ചോറിന് സ്ഥിരമായ ക്ഷതമുണ്ടാക്കിയെന്നും ജാമി സ്‌കോട്ട് കോടതിയിൽ പറഞ്ഞു. ജോലി ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയിൽ ഇത് തന്നെ എത്തിച്ചെന്നും, മൂന്ന് തവണ മരണത്തെ മുഖാമുഖം കണ്ടെന്നും ജാമി സ്കോട്ട് പറഞ്ഞു.
ആസ്ട്രസെനെക്ക ആദ്യം ഇതിനെയെല്ലാം എതിർത്തെങ്കിലും, ഫെബ്രുവരിയിൽ കോടതിയിൽ നൽകിയ രേഖകളിലൊന്നിൽ കോവിഷീൽഡിന് വളരെ അപൂർവമായ കേസുകളിൽ ടിടിഎസിന് കാരണമാകുമെന്ന് പറഞ്ഞിരുന്നു.
ടിടിഎസ് (ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം) മനുഷ്യരിൽ രക്തം കട്ടപിടിക്കുന്നതിനും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നതിനും കാരണമാകും.