ന്യൂഡൽഹി: സൗത്ത് വെസ്റ്റ് ഡൽഹിയിലെ ദ്വാരകയിൽ മോട്ടോർ സൈക്കിളിൽ പ്രത്യക്ഷപ്പെട്ട രണ്ടു യാത്രികരെ കണ്ടു നാട്ടുകാർ ഞെട്ടി! സൂപ്പർ ഹീറോകളായ സ്പൈഡർമാൻ, സ്പൈഡർ വുമൺ വേഷം ധരിച്ച് ബൈക്കിൽ ആടിപ്പാടി കറങ്ങുന്ന സ്ത്രീയും പുരുഷനും.
റീൽസ് ഷൂട്ടിംഗിനു വേണ്ടിയാണ് “സ്പൈഡർ കമിതാക്കൾ’ ഇരുചക്ര വാഹനത്തിൽ ആഘോഷമായെത്തിയത്. സ്പൈഡർമാൻ ആദിത്യയും(20) സുഹൃത്ത് 19കാരി സ്പൈഡർ വുമൺ അഞ്ജലിയും ചേർന്നു നിർമിച്ച ഇൻസ്റ്റാഗ്രാം റീൽ ഹിറ്റായെങ്കിലും നടുറോഡിലെ പ്രകടനത്തിൽ ഇരുവരും പുലിവാലു പിടിച്ചിരിക്കുകയാണ്.
നമ്പർ പ്ലേറ്റും കണ്ണാടിയും ഇല്ലാത്ത ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെയായിരുന്നു ഇവരുടെ പ്രകടനം. അപകടകരമായി ബൈക്ക് ഓടിക്കുന്ന റീൽ വൈറലായതോടെ ഡൽഹി ട്രാഫിക് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയും മോട്ടോർ വാഹന നിയമപ്രകാരം പിഴയടയ്ക്കാനുള്ള നോട്ടീസ് നൽകുകയും ചെയ്തു.
ആദിത്യയും അഞ്ജലിയും സൂപ്പർഹീറോ വസ്ത്രം ധരിച്ച് ഡൽഹിയിലെ തെരുവിലിറങ്ങുന്നത് ഇതാദ്യമായല്ല. ആദിത്യയ്ക്ക് ഇന്ത്യൻ സ്പൈഡി ഒഫീഷ്യലെന്ന പേരിൽ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ട്. പതിനായിരത്തിലേറെ ഫോളോവേഴ്സ് ഉണ്ട് ആദിത്യയ്ക്ക്.