ഇടുക്കി: ആരോഗ്യ ഇൻഷ്വറൻസ് കാർഡ് ഉപഭോക്താക്കൾക്ക് ഇടുക്കി മെഡിക്കൽ കോളേജിൽ നിന്നും മരുന്നു വിതരണം അടിയന്തരമായി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കൺസ്യൂമർഫെഡിന്റെ നീതിസ്റ്റോർ വഴിയോ ഇല്ലെങ്കിൽ മറ്റേതെങ്കിലും ഏജൻസി വഴിയോ ഇക്കാര്യം ഉറപ്പാക്കണമെന്നും കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഇടുക്കി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദ്ദേശം നൽകി.
കൺസ്യൂമർഫെഡിന് നൽകാനുള്ള തുക കുടിശ്ശികയായതു കൊണ്ടാണ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പോലുള്ള സാധാരണക്കാരന് അത്താണിയാകേണ്ട പദ്ധതികൾ യഥാവിധി നടപ്പിലാക്കാൻ കഴിയാത്തതെന്നും കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു.
കുടിശിക വരുത്താതിരിക്കാനുള്ള ജാഗ്രത മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു. കൺസ്യൂമർ ഫെഡ്, ഇടുക്കി മെഡിക്കൽ കോളേജ് സൂപ്രണ്ട് എന്നിവരിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.
ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിൽ നിന്നും ആരോഗ്യ ഇൻഷ്വറൻസ് കാർഡ് ഉടമകൾക്ക് 2020 വരെ മരുന്നുകൾ നൽകിയിരുന്നതായി കൺസ്യൂമർഫെഡ് കമ്മീഷനെ അറിയിച്ചു.
2018 – 2019, 2019 – 2020 കാലയളവിൽ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന മരുന്നുകളുടെ കുടിശിക തുകയായ 31,93,133.89 രൂപ ഇടുക്കി മെഡിക്കൽ കോളേജിൽ നിന്നും ലഭിക്കാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ ആശുപത്രിയുമായി തുടർന്ന് കരാർ പുതുക്കാൻ സാധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
2021 – 2022 കാലയളവിൽ ടെണ്ടർ വിളിച്ചപ്പോൾ കൺസ്യൂമർഫെഡ് നീതീ സ്റ്റോർ ടെണ്ടറിൽ പങ്കെടുത്തില്ലെന്നും തുടർന്ന് മറ്റ് സ്ഥാപനങ്ങൾക്ക് ടെണ്ടർ നൽകിയിട്ടുണ്ടെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു.
പുതിയ സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നതോടെ രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസ്വാമി സമർപ്പിച്ച പരാതിയിലാണ് നടപടി.