മുവാറ്റുപുഴ: പല കാരണങ്ങളാൽ ചെറുപ്പക്കാർ വിദ്യാർത്ഥി പ്രായത്തിൽ തന്നെ കൂട്ടത്തോടെ വിദേശത്തെ സാധ്യതകളെ കുറിച്ചുള്ള പ്രതീക്ഷ മൂലം നാടുവിടുമ്പോൾ അവർക്കെല്ലാം മാതൃക ആവുകയാണ് ജെറ്റിം. കിരൺ ഇനത്തിൽ പെടുന്ന ഹൈബ്രിഡ് ഇനം ഷുഗർ ക്വീൻ തണ്ണിമത്തൻ വൈവിധ്യമാണ് മുവാറ്റുപുഴ വാഴക്കുളം കല്ലൂർക്കാട് വെള്ളാരംകല്ല് തെക്കേക്കര വീട്ടിൽ ജെറ്റിം ജോർജിന്റെ കൃഷിയിടത്തിലുള്ളത്. തെല്ലും മായമില്ലാതെ ജൈവ വളങ്ങൾ മാത്രം നിറച്ചുള്ള മധുരമേറുന്ന തണ്ണിമത്തൻ വിഭവം ഇപ്പോൾ വിളവെടുത്തു വരുകയാണ്. ഇടുക്കി എം.പി ഡീൻ കുര്യാക്കോസാണ് വിളവെടുപ്പ് നടത്തിയത്.
കിലോ 40 രൂപ നിരക്കിൽ ആണ് ജെറ്റിം തണ്ണിമത്തൻ വിൽക്കുന്നത്. ഇൻഫോപാർക്കിലെ കമ്പനിയിൽ കഴിഞ്ഞ നാലു വർഷമായി ജോലി ചെയ്തു വരവേ കൃഷിയോടുള്ള താത്പര്യം തന്നെ പ്രചോദനമായി മാറിയാണ് ഇതിലേക്ക് വന്നതെന്ന് ജെറ്റിം പറയുന്നു.
വർക്ക് ഫ്രം ഹോം രീതിയിൽ ജോലി ചെയ്തു വന്നത് മൂലം വീട്ടിലിരുന്നുള്ള ജോലിയിൽ യഥേഷ്ടം സമയം കിട്ടിയത് പ്രേയോജനപ്പെടുതുകയാണ് അദ്ദേഹം ചെയ്തത്. പുതിയ മേഖലയിലേക്കുള്ള തുടക്കത്തിനു യുട്യൂബിലൂടെയുള്ള അറിവുകളാണ് ഉപയോഗപ്പെടുത്തിയത്. സ്വന്തം പുരയിടത്തിനോട് ചേർന്നുള്ള കണ്ടത്തിലാണ് ജെറ്റിം കൃഷി ചെയ്തു വന്നത്. ഒരു പരീക്ഷണ അടിസ്ഥാനത്തിൽ കൃഷി ചെയ്ത് വിജയം കണ്ടെത്തിയ ജെറ്റിം അടുത്ത വർഷം കൂടുതൽ സ്ഥലം കണ്ടെത്തി തണ്ണിമത്തൻ ഇനത്തിലെ പല വൈവിധ്യങ്ങളും കൂടി കൃഷി ചെയ്ത് നൂറുമേനി വിളവെടുപ്പ് നടത്തുമെന്ന് പറഞ്ഞു.