Timely news thodupuzha

logo

ഐ.റ്റി പാര്‍ക്കുകളില്‍ മദ്യശാല അനുവദിക്കും

തിരുവനന്തപുരം: ഐ.റ്റി പാര്‍ക്കുകളില്‍ മദ്യശാല അനുവദിക്കാനുള്ള നിര്‍ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ച ശേഷം ഈ രീതിയിലുള്ള മദ്യ വിതരണത്തിനു നടപടി ആരംഭിക്കും.

പ്രതിപക്ഷ എം.എൽ.എമാരുടെ എതിർപ്പ് അവഗണിച്ചാണ് സർക്കാർ നീക്കം. നിര്‍ദേശങ്ങള്‍ക്ക് ചില ഭേദഗതികളോടെയാണ് നിയമസഭാ സമിതി അംഗീകാരം നൽകിയിരിക്കുന്നത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള ഐ.റ്റി പാര്‍ക്കുകളില്‍ പ്രത്യേക സ്ഥലത്ത് സ്ഥാപിക്കുന്ന വിനോദകേന്ദ്രങ്ങളിലാകും മദ്യശാല. ഐ.റ്റി പാർക്കുകൾക്ക് എഫ്.എൽ 4സി ലൈസൻസ് നൽകും. ലൈസൻസ് ഫീസ് 20 ലക്ഷം രൂപയായിരിക്കും.

മദ്യശാലകളുടെ പ്രവർത്തന സമയം രാവിലെ 11 മുതൽ രാത്രി 11 വരെ. ഐ.റ്റി പാർക്ക് നേരിട്ടോ, പ്രമോട്ടർ പറയുന്ന കമ്പനിക്കോ നടത്തിപ്പ് അവകാശം നൽകും. എക്‌സൈസ്‌, നിയമ വകുപ്പുകള്‍ ചര്‍ച്ച നടത്തിയ ശേഷം ഇതിനായുള്ള പ്രത്യേക ചട്ടങ്ങള്‍ പുറത്തിറക്കും.

അതേസമയം, ഭാവിയില്‍ പാര്‍ക്കുകളില്‍ വെവ്വേറെ ലൈസന്‍സ് നല്‍കേണ്ടി വരുമെന്ന പ്രതിപക്ഷത്തിന്‍റെ വാദഗതി അവഗണിച്ചാണ് നിയമസഭാ സമിതിയുടെ തീരുമാനം.

നിലവിലുള്ള ബാര്‍ ലൈസന്‍സികളിലേക്ക് നടത്തിപ്പ് പോകും. മിടുക്കരായ ഐ.റ്റി പ്രൊഫഷണലുകളില്‍ മദ്യ ഉപഭോഗം കൂടുമെന്നും സാംസ്‌കാരിക നാശത്തിന് വഴി വഴിവയ്ക്കുമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

Leave a Comment

Your email address will not be published. Required fields are marked *