ന്യൂഡൽഹി: ബിബിസി തയ്യാറാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്ത് വംശഹത്യയിലെ പങ്ക് തുറന്നുകാട്ടുന്ന ഡോക്യുമെന്ററി പരമ്പരയുടെ രണ്ടാം ഭാഗം സംപ്രേഷണം ചെയ്‌തു. ആംനെസ്റ്റി ഇന്റർനാഷണൽ അടക്കമുള്ള മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മോദി സർക്കാർ ഫ്രീസ് ചെയ്‌തതെല്ലാം ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്. ‘ഇന്ത്യ: ദ മോദി ക്വസ്‌റ്റ്യൻ’ പരമ്പരയുടെ ചൊവ്വാഴ്‌ച പുറത്തുവന്ന ആദ്യഭാഗത്തിലൂടെ വെളിപ്പെടുത്തിയത് സംഘപരിവാറിന്റെ മുസ്ലിംവേട്ടയുടെ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളായിരുന്നു. എന്നാൽ, ഇന്ത്യയിൽ സമൂഹമാധ്യമങ്ങളിൽപ്പോലും ഇത് ലഭ്യമാകാത്തവിധം കടുത്ത സെൻസർഷിപ് ഏർപ്പെടുത്തിയിരിക്കുകയാണ് മോദി സർക്കാർ.
പുലർച്ചെ രണ്ടരയ്ക്കായിരുന്നു ഡോക്യുമെന്ററിയുടെ അടുത്ത ഭാഗം സംപ്രേഷണം ചെയ്തത്. 2019ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള സംഭവങ്ങളാണ് ഇതിന്റെ ഇതിവൃത്തം. കശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് രണ്ടാം ഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.