ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ അനുമാനം മെച്ചപ്പെടുത്തി ലോകബാങ്ക്. 20 ബേസിസ് പോയിന്റ് ഉയർത്തി 6.6 ശതമാനം വളർച്ചയാണ് ലോകബാങ്കിന്റെ പ്രവചനം.
ജനുവരിയിൽ പ്രവചിച്ച 6.4 ശതമാനത്തിനു മുകളിലാണിത്. ലോകത്ത് അതിവേഗം വളരുന്ന സാന്പത്തികശക്തിയായി ഇന്ത്യ തുടരും. ഉത്പാദന-നിർമാണ മേഖല പ്രതീക്ഷിച്ചതിലും ശക്തി കൈവരിക്കും.
നിക്ഷേപം വർധിക്കുമെന്നും ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്നു. അടുത്ത സാന്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാ അനുമാനം 6.5 ശതമാനത്തിൽനിന്ന് 6.7 ശതമാനത്തിലേക്കും ലോകബാങ്ക് ഉയർത്തിയിട്ടുണ്ട്.
നടപ്പ് സാമ്പത്തികവർഷത്തെ ഇന്ത്യയുടെ വളർച്ചാഅനുമാനം ഏഴു ശതമാനത്തിൽനിന്ന് 7.2 ശതമാനമാക്കി റിസർവ് ബാങ്ക് ഇക്കഴിഞ്ഞ പണനയ അവലോകനത്തിൽ പുനഃക്രമീകരിച്ചിരുന്നു. 6.8 ശതമാനമാണ് ഈ വർഷം ഇന്ത്യക്ക് മോർഗൻ സ്റ്റാൻലി പ്രവചിക്കുന്ന വളർച്ച.