തോപ്രാംകുടി: ഇടുക്കി തോപ്രാംകുടിയിൽ യുവാവിനെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു. തോപ്രാംകുടി സ്വദേശി വിജേഷിനെയാണ് (28) പതിനഞ്ചംഗ സംഘം ക്രൂരമായി മർദിച്ചത്. ഞായറാഴ്ച നടന്ന ഉത്സവത്തിനിടെ ഉണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം.
ഗുരുതരമായി പരുക്കേറ്റ വിജേഷ് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായാണ് വിവരം. യുവാവിനെ ഓടിച്ചിട്ട് തലയ്ക്ക് പിന്നിലും കണ്ണിലും അടക്കം ശരീരമാസകലം ഇരുമ്പുവടികൊണ്ട് അടിക്കുകയായിരുന്നു. തലയുടെ പിൻഭാഗം തകർന്ന നിലയിലായിരുന്നു.
സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അക്രമിസംഘത്തിലെ എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്കായി തെരച്ചിൽ നടക്കുകയാണ്. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ പ്രതികളെ എറണാകുളത്തു നിന്നാണ് മുരിക്കാശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികൾക്കെതിരേ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.