Timely news thodupuzha

logo

ഗൾഫ് പ്രവാസികളുടെ ശബ്ദമായി ഗൾഫ് മേഖലാതല ചർച്ച

തിരുവനന്തപുരം: ലോക കേരളസഭയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഗൾഫ് മേഖലാതല ചർച്ച ഗൾഫ് മലയാളികളുടെ പൊതുവേദിയായി മാറി.

വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് ഒട്ടേറെ പേർ ഗൾഫ് പ്രവാസികളുടെ സവിശേഷ പ്രശ്നങ്ങൾ സർക്കാരിൻറെ ശ്രദ്ധയിൽ കൊണ്ടുവന്നു.

നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചർച്ചയിൽ മടങ്ങിവരുന്ന പ്രവാസികളുടെ നിക്ഷേപങ്ങൾക്ക് ഗ്രീൻ ചാനല്‍ ഒരുക്കണം എന്ന ആവശ്യം മുതൽ പ്രവാസികളുടെ പതിവ് യാത്രാ പ്രശ്നങ്ങൾ വരെ ഉയർന്നു.

പുരാവസ്തു, പുരാരേഖ, മ്യൂസിയം, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ എന്നിവർ ചെയർപേഴ്സണായി നടന്ന ചർച്ചയിൽ ലോകകേരളസഭ ഡയറക്റ്റർ ഡോ. കെ വാസുകി മോഡറേറ്ററായി.

പ്രവാസി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല, കേരള സിലബസിലുള്ള സ്കൂൾ തുടങ്ങണം, പ്രവാസി ക്ഷേമ പെൻഷൻ രണ്ട് കാറ്റഗറി ആക്കണം, മൃതദേഹങ്ങൾ കൊണ്ടുവരുന്നതിന് എംബാം സർട്ടിഫിക്കറ്റ് മുൻകൂർ വേണമെന്ന നിബന്ധന ഒഴിവാക്കണം, പെൻഷൻ പദ്ധതിയിൽ ചേരാൻ ഒറ്റത്തവണ അവസരം ഒരുക്കണം, ആരോഗ്യമേഖലക്ക് പുറത്തേക്ക് നോർക്ക റിക്രൂട്ട്മെന്‍റ് വ്യാപിപ്പിക്കണം, ഗൾഫിൽ പി.എസ്.സി പരീക്ഷാ സെൻറർ ആരംഭിക്കണം, ലോകകേരളസഭ അംഗങ്ങളെ കുറിച്ച് എംബസികൾക്ക് കത്തെഴുതണം തുടങ്ങി ഒട്ടേറെ ആവശ്യങ്ങൾ ചർച്ചയിൽ ഉയർന്നു.

കുവൈറ്റ് ദുരന്തത്തിൽ ഇരകളായവർക്ക് കമ്പനി നൽകേണ്ട നഷ്ടപരിഹാരം കിട്ടുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണം എന്നും ആവശ്യം ഉയർന്നു. പ്രവാസി ക്ഷേമ ബോർഡ് നിന്നും യഥാസമയം മറുപടി ലഭിക്കുന്നില്ല എന്ന പരാതിയും ചില പ്രവാസികൾ ചൂണ്ടിക്കാട്ടി.

പ്രവാസി അദാലത്ത് സംഘടിപ്പിക്കണം, മടങ്ങി വരുന്ന പ്രവാസികളിലെ കിടപ്പുരോഗികൾക്ക് മെഡിക്കൽ സഹായം ലഭ്യമാക്കണം, മടങ്ങിവരുന്ന പ്രവാസികൾക്ക് മാനസികമായ പിന്തുണ നൽകാൻ പദ്ധതികൾ വേണം, നോർക്ക നേതൃത്വത്തിൽ സൗജന്യ നിയമസഹായം നൽകണം, പ്രൊഫഷണൽ കോളേജുകളിലെ എൻ.ആർ.ഐ ക്വാട്ടയിലെ ചൂഷണം അവസാനിപ്പിക്കാൻ നടപടിയെടുക്കണം തുടങ്ങിയ ആവശ്യങ്ങളും ചർച്ചയിൽ ഉയർന്നു. ചർച്ചയിൽ നേരിട്ട് പങ്കെടുക്കാനാവാത്ത പലരും അഭിപ്രായങ്ങൾ രേഖപ്പെടുത്തി നൽകി.

വളരെ ക്രിയാത്മകമായ ചർച്ചയാണ് നടന്നതെന്നും സാധ്യമായ പരിഹാരങ്ങൾക്ക് നടപടി ഉണ്ടാവുമെന്നും മന്ത്രിമാർ ഉപസംഹാരത്തിൽ അറിയിച്ചു.

എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, സി.എച്ച് കുഞ്ഞമ്പു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഒരു മണിക്കൂറിൽ അധികം നീണ്ട ചർച്ചയിൽ ഉയർന്ന അഭിപ്രായങ്ങൾ സമാഹരിച്ച് പൊതുസഭയിൽ അവതരിപ്പിക്കും.

Leave a Comment

Your email address will not be published. Required fields are marked *