കൊച്ചി: വൈപ്പിനിൽ നിന്നുള്ള സ്വകാര്യ ബസുകളുടെ നഗര പ്രവേശനം മൂന്നു മാസത്തിനുള്ളിൽ യാഥാർത്ഥ്യമാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വൈപ്പിൻ ബസുകളുടെ നഗര പ്രവേശനത്തിൻ്റെ ആദ്യഘട്ടമെന്ന നിലയിലാണ് നാലു പുതിയ കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ സ്വകാര്യ ബസുകളുടെ പ്രവേശനം സാധ്യമാക്കാനായി നിയമ തടസങ്ങൾ പരിഹരിച്ച് മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്.
നടപടി ക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കും. ഇതുമായി ബന്ധപ്പെട്ട് 31ന് ഒരു യോഗം കൂടി ചേരുന്നുണ്ട്. പ്രതിഷേധങ്ങൾ വക വെക്കാതെ സമയബന്ധിതമായി നഗര പ്രവേശനം പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വൈപ്പിനിൽ നിന്നും എറണാകുളത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കുള്ള കെഎസ്ആർടിസി ബസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.