ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്‌സഭയിൽ നടത്തിയ ഹിന്ദു പരാമർശം സഭാരേഖകളിൽ നിന്ന് നീക്കം ചെയ്തു.
രാജ്യത്തെ മഹാന്മാര്‍ അഹിംസയെ കുറിച്ചാണ് പറഞ്ഞിട്ടുള്ളതെന്നും എന്നാൽ ഹിന്ദുക്കളെന്ന് സ്വയം അവകാശപ്പെടുന്നവർ വിദ്വേഷമാണ് പ്രചരിപ്പിക്കുന്നതെന്നുമായിരുന്നു പരാമർശം.
ലോക്‌സഭയിലെ നന്ദിപ്രമേയ പ്രസംഗത്തിനിടെയായിരുന്നു രാഹുൽ ഇങ്ങനെ പറഞ്ഞത്. പരാമർശത്തെ തുടർന്ന് രാഹുൽ ഗാന്ധി ഹിന്ദുക്കളെ അവഹേളിച്ചുവെന്ന് ആക്ഷേപിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു.
ഹിന്ദു സമൂഹത്തെയാകെ അക്രമികളായി ചിത്രീകരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് പറഞ്ഞു. ഹിന്ദു സമൂഹത്തെ രാഹുൽ അവഹേളിച്ചുവെന്നും മാപ്പുപറയണമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവായ ശേഷമുള്ള രാഹുലിന്റെ ആദ്യ പ്രസംഗത്തിനിടെ രണ്ടുവട്ടമാണ് പ്രധാനമന്ത്രി ഇടപ്പെട്ടത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ്, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു, തൊഴിൽ മന്ത്രി ഭൂപേന്ദ്ര യാദവ്, ബി.ജെ.പി അംഗം നിഷികാന്ത് ദൂബെ തുടങ്ങിയവരും രാഹുലിന്റെ പ്രസംഗത്തിനിടെ ഇടപ്പെട്ടു.
പരമശിവന്റെയും യേശുവിന്റെയും ഗുരുനാനാക്കിന്റെയും ചിത്രങ്ങളുമായാണ് രാഹുൽ എത്തിയത്. ദൈവങ്ങളുടെ ചിത്രങ്ങൾ ഉയർത്തിയതിന് സ്‌പീക്കർ രാഹുലിനെ ശാസിച്ചു.