പയ്യന്നൂര്‍: ബലാത്സംഗക്കേസിൽ കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ. പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ആരോഗ്യ വെല്‍നസ് ക്ലിനിക്, ഫിറ്റ്നസ് ആൻഡ് ജിം ഉടമ ശരത് നമ്പ്യാരെയാണ്(42) പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പയ്യന്നൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം നാരായണന് കുട്ടിയുടെ മകനാണ് ശരത് നമ്പ്യാര്‍.
ആവശ്യമായ യോഗ്യതകളില്ലാതെ പയ്യന്നൂരില്‍ ക്ലിനിക് നടത്തുന്ന വ്യാജ ഫിസിയോ തെറാപ്പിസ്റ്റാണ് ശരത് നന്പ്യാരെന്നും പരാതിയുണ്ട്. ഇന്നലെ ഉച്ചയോടെ പ്രതി നടത്തി വരുന്ന സ്ഥാപനത്തിലാണ് സംഭവം.
ഫിസിയോ തെറാപ്പി ചെയ്യാന്‍ എത്തിയ പയ്യന്നൂര്‍ സ്വദേശിനിയായ ഇരുപതുകാരിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
ചികിത്സയ്ക്കിടെ മുറി അകത്ത് നിന്ന് പൂട്ടിയതോടെ യുവതിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഇവിടെ നിന്ന് പുറത്തിറങ്ങിയ ഉടന്‍ യുവതി പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത പോലീസ് രാത്രിയോടെ ശരത് നമ്പ്യാരെ കസ്റ്റഡിയിലെടുത്തിരുന്നു.അതിന് ശേഷം ഇന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നേരത്തേയും ഇയാള്‍ക്കെതിരേ പല പരാതികളുമുയര്ന്നിരുന്നു.
ഇതിനിടെ ശരത് നമ്പ്യാര്‍ ഫിസിയോ തെറാപ്പിസ്റ്റ് എന്ന വ്യാജേന രോഗികളെ ചികിത്സിച്ച് കമ്പളിപ്പിക്കുന്നതായി ലഭിച്ച പരാതിയെ തുടര്‍ന്ന് ഫിസിയോ തെറാപ്പിസ്റ്റുകളുടെ കോർഡിനേഷന്‍ കമ്മിറ്റിയായ കെഎപിസി ജില്ലാ കമ്മിറ്റിയും രംഗത്തെത്തി.
നേരത്തെ ശരത്തിന്റെ ചികിത്സക്ക് വിധേയനായ രോഗിയെ തെളിവായി ചൂണ്ടിക്കാണിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.
പോലീസിന്റെ അന്വേഷണത്തില്‍ ഇയാള്‍ ഫിസിയോ തെറാപ്പിസ്റ്റ് പരിശീലനം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിനാല്‍ത്തന്നെ വ്യാജ ചികിത്സ തുടര്‍ന്നാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് ഇയാള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്കിയ സംഭവവുമുണ്ടായിരുന്നു.