Timely news thodupuzha

logo

തൊമ്മൻകുത്തിലെ ആദ്യ പലചരക്ക് കട

തൊടുപുഴ: തൊമ്മൻകുത്ത് വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമാണ്. ധാരാളം പുതിയ കെട്ടിടങ്ങൾ പ്രദേശത്ത് വന്നിട്ടുണ്ടെങ്കിലും ഏഴ് പതിറ്റാണ്ട് പഴക്കമുള്ള ആദ്യ പലചരക്ക് കട ഇപ്പോഴും ഇവിടെ നിലനിർത്തിയിരിക്കുന്നു. അന്നത്തെ പലകത്തട്ടി വാതിലുകൾക്ക് ഒരു മാറ്റവുമില്ല. കല്ലുകെട്ടി പനയോല കൊണ്ട് മേഞ്ഞ് പലകത്തട്ടി കൊണ്ടാണ് വാതിലുകൾ നിരത്തിയിരിക്കുന്നത്. പനയോല മേഞ്ഞ മേല്ക്കൂരയ്ക്ക് പകരം ഇപ്പോൾ ഓടാണെന്ന് മാത്രം.

പഴമ തുളുമ്പുന്ന ഈ കട പുതുതലമുറയ്ക്ക് കൗതുകമാണെങ്കിൽ തൊമ്മൻകുത്തുകാർക്ക് അത് അവരുടെ ചരിത്രത്തിന്റെ ഭാഗമാണ്. 1950കളിലാണ് തൊമ്മൻകുത്തിലേക്ക് കർഷകരുടെ കുടിയേറ്റം വ്യാപകമാകുന്നത്. ഇതിനൊപ്പം പ്രകൃതി ദുരന്തത്തിലെ ഇരകൾക്കും സർക്കാർ ഇവിടെ ഭൂമി നൽകി. ആളുകളേറെയുള്ള ഗ്രാമമായി തൊമ്മൻകുത്ത് വളർന്നു. ഇതോടെയാണ് കവലയിൽ നിന്ന് കുത്തിലേക്ക് പോകുന്ന വഴിൽ വെള്ളൂപ്പറമ്പിൽ ഹസ്സൻ ഒരു പലചരക്ക് കടയിട്ടത്.

യാത്രാ സൗകര്യം തീരെ ഇല്ലാത്ത കാലം! പലചരക്ക് സാധനങ്ങൾ തൊമ്മൻകുത്ത് കണ്ണാടിപ്പുഴയ്ക്ക് അക്കരെ എത്തിക്കും. പിന്നീട് കടത്ത് വള്ളത്തിൽ കയറ്റി മറുകരയിലും. അവിടെ നിന്ന് തലചുമടായാണ് കടയിൽ എത്തിക്കുക. ഉപ്പ് മുതൽ കർപ്പൂരം വരെ നാട്ടുകാർ വാങ്ങുന്നത് ഹസ്സന്റെ കടയിൽ നിന്നായിരുന്നു. ഹസ്സന്റെ കാലശേഷം മകൻ പരീതാണ് കട നടത്തിയത്. 2006 വരെ ഇവിടെ കച്ചവടം ഉണ്ടായിരുന്നു. പിന്നീട് പ്രായാധിക്യം കാരണം കടയുടെ നടത്തിപ്പ് നിർത്തി. കുറച്ചു കാലം അടച്ചിട്ടു. എന്നാൽ ഇത് കാണുമ്പോൾ പരീതിന് സങ്കടം.

അങ്ങനെ ഇരിക്കുമ്പോഴാണ് കട നടത്താൻ തയ്യാറായി മൂസ എന്നയാൾ വരുന്നത്. പരീത് സന്തോഷത്തോടെ അതിന് അനുവാദം നൽകി. പരീതിന്റെ കാലശേഷം അയൽവാസി കട നിൽക്കുന്ന സ്ഥലം വാങ്ങിയെങ്കിലും മൂസ ഇപ്പോഴും ഈ കെട്ടിടത്തിലാണ് കട നടത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *