Timely news thodupuzha

logo

റിയാലിറ്റി ഷോയില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത അവിര്‍ഭവിന് തങ്കതിളക്കം

തൊടുപുഴ: സോണി റ്റി.വി സൂപ്പര്‍സ്റ്റാര്‍ സിംഗര്‍ സീസണ്‍ മൂന്നില്‍ ശ്രുതി മധുരവും താളലയ നിര്‍ഭരവുമായ ഗാനങ്ങള്‍ ആലപിച്ച് ലോകമെമ്പാടുമുള്ള ആസ്വാദകരുടെ മനം കവര്‍ന്ന് ഏഴ് വയസുകാരനായ മലയാളി ബാലന്റെ മാസ്മരിക പ്രകടനം. ഹിന്ദിയില്‍ നടന്ന സംഗീത മല്‍സരത്തില്‍ ഇടുക്കി രാമക്കല്‍മേട് സ്വദേശിയും അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ എസ് അവിര്‍ഭവും ജാര്‍ഖണ്ഡ് സ്വദേശി അഥര്‍വബക്ഷിയും ഒന്നാം സ്ഥാനം പങ്കിട്ടു. പ്രേക്ഷകരില്‍ നിന്നുള്ള വോട്ടെടുപ്പില്‍ അവിര്‍ഭവ് ജേതാവായപ്പോള്‍ വിധി കര്‍ത്താക്കളുടെ തെരഞ്ഞെടുപ്പിലാണ് അഥര്‍വഭക്ഷി മുന്നിലെത്തിയത്.

സമ്മാന തുകയായി 10 ലക്ഷവും മത്സരത്തിലെ വിധി കര്‍ത്താവായ നേഹകാക്കര്‍ പ്രത്യേക പുരസ്‌കാരമായി ഒരു ലക്ഷം രൂപയും അവിര്‍ഭവിന് നൽകി. ഞായറാഴ്ച രാത്രിയിയായിരുന്നു ഫൈനല്‍. 80 ഓളം ഗാനങ്ങളാണ് മല്‍സരത്തിന്റെ ഭാഗമായി ആലപിച്ചത്. കഴിഞ്ഞ ഏഴ് മാസമായി മുംബൈയില്‍ നടന്ന് വന്ന മല്‍സരത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി 15 പേരാണ് മാറ്റുരച്ചത്. ഒമ്പത് പേര്‍ ഫൈനല്‍ റൗണ്ടിലെത്തി.

ശനി, ഞായര്‍ ദിവസങ്ങളിലായി നടന്ന് വന്ന ഷോ ടെലിവിഷന്‍ റേറ്റിംഗ് പോയിന്റില്‍(റ്റി.ആര്‍.പി) റിക്കാര്‍ഡ് സൃഷ്ടിച്ചിരുന്നു. മല്‍സരത്തിലെ പ്രകടനത്തിലൂടെ അവിര്‍ഭവ് ഫേസ് ഓഫ് ദ ഷോയായി മാറുകയും ചെയ്തു. നേരത്തെ ഫ്ലവേഴ്‌സ് ചാനലിലെ ടോപ്‌സിംഗര്‍ മല്‍സരത്തില്‍ പങ്കെടുത്തിരുന്നെങ്കിലും പിതാവിന് ജോലി സംബന്ധമായി സ്ഥലം മാറ്റം ലഭിച്ചതിനെ തുടര്‍ന്ന് പാതിവഴിയില്‍ മല്‍സരത്തില്‍ നിന്ന് അവിര്‍ഭവ് പിന്‍മാറുകയായിരുന്നു. സഹോദരിയും നായത്തോട് എം.ജി.എം എച്ച്.എസ്.എസ് പ്ലസ് റ്റു വിദ്യാര്‍ത്ഥിനിയുമായ അനിര്‍വിന്യയാണ് സോണി റ്റി.വി സൂപ്പര്‍സ്റ്റാര്‍ സിംഗര്‍ സീസണ്‍ മൂന്നില്‍ പങ്കെടുക്കുന്നതിന് അവിര്‍ഭവിന് പ്രചോദനമായത്.

ഓഡീഷന്‍ റൗണ്ടില്‍ ആലപിക്കുന്നതിനുള്ള ഗാനങ്ങള്‍ തെരഞ്ഞെടുക്കുന്നതിനും ഇവ പരിശീലിപ്പിക്കുന്നതിനും 2018ല്‍ സി.റ്റി.വിയിലെ തെലുങ്ക് മ്യൂസിക് റിയാലിറ്റി ഷോയായ സരിഗമപയില്‍ റണ്ണറപ്പായിരുന്ന അനിര്‍വിന്യയുടെ നിര്‍ലോഭമായ പിന്തുണയും ലഭിച്ചു. മത്സരത്തില്‍ ചേച്ചിയോടൊപ്പം പങ്കെടുത്ത അവിര്‍ഭവ് എന്റര്‍ടെയിനര്‍ അവാര്‍ഡും നേടി. ഒന്നര വയസ് മുതല്‍ അവിര്‍ഭവ് സംഗീതം അഭ്യസിക്കുന്നുണ്ട്. കോഴിക്കോട് സ്വദേശിയായ ആനന്ദ് കാവുംവട്ടമാണ് ഗുരു.

നേരിട്ടും ഓണ്‍ലൈന്‍ വഴിയുമാണ് പഠനം. മലയാളം, ഹിന്ദി, തമിഴ് തുടങ്ങി വിവിധ ഭാഷകളിലുള്ള പാട്ടുകള്‍ അവിര്‍ഭവ് നിഷ്പ്രയാസം ആലപിക്കും. പഴയ സിനിമാ ഗാനങ്ങളോടാണ് കൂടുതല്‍ ഇഷ്ടം. മുഹമ്മദ് റാഫിയും അര്‍ജിത് സിംഗുമാണ് ഇഷ്ട ഗായകര്‍. മികച്ച ഗായകനാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് അവിര്‍ഭവ് പറഞ്ഞു. രാമക്കല്‍മേട് ബാലന്‍പിള്ളസിറ്റി കപ്പിത്താന്‍പറമ്പില്‍ കെ.എസ് സജിമോന്റെയും(കെ-ഫോണ്‍ സൈറ്റ് എഞ്ചിനീയര്‍) കുമളി അമരാവതി പനങ്കരയില്‍ പി.എന്‍ സന്ധ്യയുടെയും മകനാണ്. നേരത്തെ ജോലി സംബന്ധമായി തമിഴ്‌നാട്ടിലായിരുന്ന കുടുംബം കഴിഞ്ഞ മൂന്ന് വര്‍ഷമായി അങ്കമാലിയിലാണ് താമസം.

Leave a Comment

Your email address will not be published. Required fields are marked *