Timely news thodupuzha

logo

യു.ഡി.എഫിലെ അനൈക്യത്തിന് ജനങ്ങളോട് മാപ്പ് പറയണമന്ന് കേരള കോൺഗ്രസ്

തൊടുപുഴ: യു.ഡി.എഫിലെ അനൈക്യവും പിടിവാശിയും ആണ് തൊടുപുഴ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മുനിസിപ്പൽ കൗൺസിലിൽ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും എൽ.ഡി.എഫ് വിജയത്തിന് കാരണമായതെന്ന് കേരള കോൺഗ്രസ് ഉന്നതാ അധികാര സമിതി അംഗവും മുൻസിപ്പൽ കൗൺസിലറുമായ അഡ്വ. ജോസഫ് ജോൺ പ്രസ്താവിച്ചു. 2020ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കൈവിട്ടുപോയ ചെയർമാൻ സ്ഥാനം തിരികെ പിടിക്കാനുള്ള സുവർണ്ണാവസരമാണ് യു.ഡി.എഫ് നഷ്ടപ്പെടുത്തിയത്.

ഒമ്പതാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾ യു.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചത് നഗരസഭയിൽ ഭരണമാറ്റം ഉറപ്പാക്കുന്നതിന് വേണ്ടിയാണ്. എന്നാൽ ഘടകകക്ഷി നേതാക്കളുടെ പിടിവാശിയും ഗ്രൂപ്പ് രാഷ്ട്രീയവുമാണ് യു.ഡി.എഫിന് ഭരണം തിരികെ പിടിക്കാൻ കഴിയാതെ പോയത്.

ഘടകകക്ഷികളെ വിശ്വാസത്തിൽ എടുത്ത് ഐക്യത്തോടെ പ്രവർത്തിക്കാൻ കഴിയാത്തതാണ് യു.ഡി.എഫ് പരാജയത്തിൻ്റെ അടിസ്ഥാനം. ഇത് ജനങ്ങൾ പൊറുക്കില്ല.

ചെയർമാൻ തെരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടിൽ യു.ഡി.എഫ് ഘടകകക്ഷികളായ കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും സ്ഥാനാർത്ഥികൾ പരസ്പരം മത്സരിച്ചപ്പോൾ യു.ഡി.എഫിന് ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലാതിരുന്നതിനാൽ താൻ നിഷ്പക്ഷ നിലപാട് സ്വീകരിച്ച് ഇരുകക്ഷികൾക്കും വോട്ട് ചെയ്യാതെ വോട്ടിങ്ങിൽ നിന്ന് വിട്ടുനിന്നു.

ഒന്നാം റൗണ്ടിലെ ഏറ്റവും കുറഞ്ഞ വോട്ട് ലഭിച്ച ലീഗിൻറെ സ്ഥാനാർത്ഥി പുറത്തായതോടെ രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലും യുഡിഎഫിൽ കോൺഗ്രസിലെ കെ ദീപക് മാത്രമാണ് സ്ഥാനാർത്ഥിയായി അവശേഷിച്ചത് എന്നതിനാൽ താൻ രണ്ടും മൂന്നും റൗണ്ടുകളിൽ കെ ദീപക്കിന് വോട്ട് ചെയ്തു.

ഇത് തൻ്റെ ധാർമികമായ ഉത്തരവാദിത്തമാണ്. തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ തമ്മിലടിയിൽ കക്ഷിയാകാതെ നിഷ്പക്ഷ നിലപാടാണ് കേരള കോൺഗ്രസ് സ്വീകരിച്ചത്.

ഇനിയെങ്കിലും ജനവികാരം മാനിച്ച് യോജിച്ച് പോകാൻ ഘടകക്ഷികൾ തയ്യാറാകണമെന്നും അല്ലെങ്കിൽ യു.ഡി.എഫിനെ ജനങ്ങൾ ചെവിക്ക് പിടിച്ച് പുറത്താക്കുന്ന അവസ്ഥ വരുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *