ദുബായ്: വിശാഖപട്ടണത്ത് നിന്നും വെള്ളിയാഴ്ച കേരളത്തിൽ മടങ്ങിയെത്തുമ്പോൾ അസം ബാലിക തസ്മിത്ത് തംസത്തെ കാത്തിരിക്കുന്നത് പ്രതീക്ഷാനിർഭരമായ ഒരു വാഗ്ദാനം പഠിക്കാനുള്ള ആഗ്രഹത്തെ കുറിച്ച് പറഞ്ഞ് കൊണ്ടേയിരിക്കുന്ന തസ്മിത്തിൻറെ പഠന ചെലവുകൾ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചിരിക്കുകയാണ് ദുബായിലെ സംരഭകനായ റിയാസ് കിൽട്ടൻ. 13കാരിയായ പെൺകുട്ടിയുടെ സ്കൂൾ പഠനം പൂർത്തിയാക്കാനും അതിന് ശേഷം ഉപരി പഠനം നടത്താനുമുള്ള ചെലവാണ് റിയാസ് വഹിക്കുക.
പ്രൊഫഷണൽ കോഴ്‌സുകൾ ഉൾപ്പെടെ തസ്മിത്തിന് താൽപര്യമുള്ള കോഴ്സിന് ചേരാമെന്നും പഠനം, താമസം എന്നിവക്കുള്ള തുക നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു ബാലികയെ പിന്തുണക്കുമ്പോൾ ഒരു തലമുറയെ തന്നെയാണ് പിന്തുണക്കുന്നതെന്ന് റിയാസ് കിൽട്ടൻ വിശദീകരിച്ചു.
കുട്ടിയുടെ മാതാപിതാക്കളെ ഇക്കാര്യം അറിയിക്കാനുള്ള വഴി തേടുകയാണ് അദ്ദേഹം. തസ്മിത്തിനെ കേരളം ചേർത്തുപിടിക്കുകയാണ്, റിയാസിനെപ്പോലെയുള്ള മനുഷ്യസ്നേഹികളുടെ കരങ്ങൾ കൊണ്ട്.