തിരുവനന്തപുരം: ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബലെയുമായി കൂടിക്കാഴ്ച്ച നടത്തിയ എ.ഡി.ജി.പി എം.ആർ അജിത്കുമാർ സി.പി.എമ്മുകാരനല്ലെന്ന് മന്ത്രി എം.ബി രാജേഷ്. ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ‍്യത്തോടെയുള്ള ഗൂഡാലോചന മാത്രമാണെന്നും മന്ത്രി പറഞ്ഞു. കൂടിക്കാഴ്ച്ച നടത്തിയെന്ന് എ.ഡി.ജി.പി സമ്മതിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
ആർ.എസ്.എസ് നേതാവുമായി എ.ഡി.ജി.പി കൂടിക്കാഴ്ച്ച നടത്തിയ കാര‍്യം തനിക്കറിയില്ലെന്നും കൂടിക്കാഴ്ച്ച നടന്നിട്ടുണ്ടെങ്കിൽ അന്വേഷണത്തിൽ വ‍്യക്തമാകുമെന്നും മന്ത്രി പറഞ്ഞു.
പാർട്ടിയുടെ പ്രഖ‍്യാപിത ശത്രുവാണ് ആർ.എസ്.എസ് അവരും പാർട്ടിയെ ആഭ‍്യന്തര ശത്രുക്കളായിട്ടാണ് കണക്കാക്കുന്നതെന്നും മന്ത്രി വ‍്യക്തമാക്കി. മുഖ‍്യമന്ത്രിയുടെ തലയ്ക്ക് വിലയിട്ടവരാണ് ആർ.എസ്.എസുകാരെന്നും മന്ത്രി ആരോപിച്ചു. അതേസമയം തൃശൂരിലെ പാറമേക്കാവ് വിദ‍്യാമന്ദിർ സ്കൂളിൽ വെച്ച് ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബലെയുമായി കൂടിക്കാഴ്ച്ച നടത്തിയത് സ്വകാര‍്യ സന്ദർശനമായിരുന്നുവെന്നാണ് എ.ഡി.ജി.പി മുഖ‍്യമന്ത്രിയുടെ ഓഫീസിന് നൽകിയ വിശദീകരണം.
എഡിജിപി മുഖ‍്യമന്ത്രിയ്ക്ക് വേണ്ടിയാണ് ആർ.എസ്.എസ് നേതാവുമായി ചർച്ച നടത്തിയതെന്നും പൂരം കലക്കാനുള്ള കൂടിക്കാഴ്ച്ചയായിരുന്നുവെന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചിരുന്നു.