തിരുവനന്തപുരം: കൃഷി മന്ത്രി പി പ്രസാദിൻറെ വിദേശയാത്രക്ക് അനുമതി നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐ നേതൃത്വത്തെ യാത്രാ വിവരം അറിയിച്ചില്ലെന്നും പാർട്ടി ഇസ്രയേൽ യാത്രക്ക് അനുമതി നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ വിദേശയാത്ര റദ്ദാക്കിയത്. ഇസ്രയേൽ കാർഷിക മേഖലയെ പറ്റി പഠിക്കുന്നതിനാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഫെബ്രുവരി 12 മുതൽ 15 വരെ യാത്ര നിശ്ചയിച്ചിരുന്നത്.
കർഷകർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, എന്നിവരാണ് സംഘത്തിൽ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നത്. വളരെ ചിലവുകുറഞ്ഞ കൃഷി രീതികൾ പഠിക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം. എന്നാൽ ഉത്തരവിറക്കുന്നതിനു മുൻപായി പാർട്ടിയെ അറിയിക്കാതിരുന്നത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെ ഉള്ളവരുടെ എതിർപ്പിന് വഴി വച്ചു. സംസ്ഥാനം വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ യാതൊരു കൂടിയാലോചനയുമില്ലാതെ ഇത്തരം ഒരു യാത്ര നിശ്ചയിച്ചത് ശരിയായില്ലെന്നാണ് പാർട്ടിയുടെ ആക്ഷേപം. ഇസ്രയേലിൻറെ രാഷ്ട്രീയ സാഹചര്യം പോലും മനസിലാക്കാതെയുള്ള ഈ യാത്ര വലിയ വിവാദങ്ങൾക്ക് കാരണമാകുമെന്നും പാർട്ടി ആരോപിക്കുന്നു.