തിരുവനന്തപുരം: കരുനാഗപ്പള്ളിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയ സംഭവം നിയമസഭയിൽ അവതരിപ്പിച്ചു. അടിയന്തിരപ്രമേയത്തിലൂടെ മാത്യു കുഴൽനാടൻ എംഎൽഎ സിപിഎം നേതാക്കളായ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം നടന്നുവെന്ന് ആരോപിച്ചു. മയക്കുമരുന്ന് കേസിലെ സിപിഎം നേതാവിന്റെ പങ്ക് പുറത്ത് വരാൻ കാരണമായത് ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയതയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
മന്ത്രി എംബി രാജേഷിന്റെ മറുപടി, കരുനാഗപ്പള്ളി കേസിൽ സിപിഎം കൗൺസിലർ ഷാനവാസിനെ പ്രതിയാക്കാൻ തെളിവ് കിട്ടിയില്ലെന്നായിരുന്നു. പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എൽഡിഎഫ് സർക്കാരിന്റെ രീതി ഒരു കേസിലും പ്രതികളുടെ രാഷ്ട്രീയം നോക്കുന്നതല്ലെന്നും രാഷ്ട്രീയ ബന്ധം നോക്കി പ്രതിസ്ഥാനത്ത് ഉൾപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് ഇടത് നയമല്ലെന്നും എംബി രാജേഷ് പ്രതികരിച്ചു.
ഇടത് സർക്കാർ ലഹരി കേസുകളിൽ കർശന നിലപാടാണ് സ്വീകരിച്ച് വരുന്നതെന്നും ലഹരി ഉപയോഗം സംസ്ഥാനത്ത് വർധിച്ചു വരുന്നത് നേരിടാൻ നടപടി തുടങ്ങിയിട്ടുണ്ടെന്നും സർക്കാർ ലഹരിക്കെതിരായ പോരാട്ടത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. 228 സ്ഥിരം പ്രതികൾക്കെതിരെ മയക്കു മരുന്ന് കേസിൽ നിയമനടപടിയെടുത്തിരുന്നു.
ഇതുവരെ കരുനാഗപ്പള്ളി ലഹരി കേസിൽ ലോറി ഉടമയെ ( സിപിഎം കൌൺസിലർ) പ്രതിയാക്കാൻ തെളിവ് കിട്ടിയില്ല. ലോറി ഉടമയെ തെളിവ് ലഭിച്ചാൽ പ്രതിയാക്കും. സിപിഎം ലോറി ഉടമ ആയ നഗര സഭ അംഗത്തെ പാർട്ടി അംഗത്വത്തിൽ നിന്നു സസ്പെൻഡ് ചെയ്തു. സംരക്ഷിക്കാനും ശ്രമിച്ചിട്ടില്ല. പ്രതിപക്ഷത്തിന് വേണ്ടി ആർത്ത് വിളിക്കുന്ന മാധ്യമങ്ങളുംപ്രതിപക്ഷവും ചേർന്നാൽ ഒരാളെ പ്രതിയാക്കാനാകില്ലെന്നും പ്രതിയാക്കുവാൻ ആരെങ്കിലും പറയുന്നത് കേട്ട് പ്രവർത്തിക്കുവാൻ ഇല്ലെന്നും തെളിവ് ഉണ്ടെങ്കിൽ ആരെയും സംരക്ഷിക്കില്ലെന്നും മന്ത്രി വിശദീകരിച്ചു.