രാജാക്കാട്: ചൊക്രമുടിയിൽ ബൈസൺവാലി പഞ്ചായത്തിലെ കോൺഗ്രസ് ജനപ്രതിനിധികളായ രണ്ട് പേർക്ക് 50 ഏക്കർ കൈയ്യേറ്റ സ്ഥാലമുണ്ടെന്ന് അടിമാലി സ്വദേശി സിബി ജോസഫ് പറഞ്ഞ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും രാജാക്കാട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കൈയ്യേറ്റത്തിനെതിരെ തുടക്കം മുതൽ പ്രതിഷേധങ്ങൾ നടത്തുകയും കൈയ്യേറ്റക്കാർക്കെതിരെ നിയമനടപടികളും മറ്റും ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളെ പങ്കെടുപ്പിച്ച് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമ്പോൾ പുകമറ സൃഷ്ടിച്ച് അന്വേഷണത്തിൻ്റെ ഗതി തിരിച്ചു വിടാനാണ് കൈയ്യേറ്റക്കാരനായ സിബി പഞ്ചായത്തംഗങ്ങൾക്കെതിെരെ ആക്ഷേപം ഉന്നയിക്കുന്നെതെന്നും ഇതിനെതിരായി മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്നും പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു.
ഭരണ കക്ഷിയിൽ പെട്ട ആളുകളാണ് ചൊക്രമുടി കൈയ്യേറ്റത്തിന് പിന്നിലെന്നും ഒരു കോൺഗ്രസുകാരന് പോലും കൈയ്യേറ്റ സ്ഥലമില്ലെന്നും ഉണ്ടെങ്കിൽ അത് പിടിച്ചെടുക്കുന്നതിന് ഒരു ആക്ഷേപവുമില്ലെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ബൈസൺവാലിയിലെ കോൺഗ്രസ്സ് അംഗങ്ങൾ ആരെങ്കിലും ഭൂമി കൈയ്യേറിയിട്ടുണ്ടെന്ന് തെളിവു നൽകാൻ തയ്യാറാണോയെന്ന് ആരോപണ വിധേയനോട് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി ചോദിച്ചു.
രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ പിന്തുണയോട് കൂടിയാണ് കൈയ്യേറ്റങ്ങൾക്കെതിരെയുള്ള സമര പരിപാടികളുമായി പാർട്ടി മുന്നോട്ട് പോകുന്നത്.
കോൺഗ്രസ്സ് നേതാക്കൾക്കെതിരെയുള്ള ആരോപണം തെളിയിക്കാത്ത പക്ഷം ആരോപണം പിൻവലിക്കാനും മാപ്പ് പറയാനും ആരോപണ വിധേയൻ തയ്യാറാകണമെന്നും നേതാക്കൾ വ്യക്തമാക്കി.
ഭൂമി കൈയ്യേറ്റം തെളിഞ്ഞാൽ കൈയ്യേറിയ ഭൂമി തിരിച്ചു നൽകുമെന്നും വാർത്താ സമ്മേളനത്തിൽ അറിയിച്ചു . തെളിവ് നൽകാൻ ആരോപണ വിധേയൻ തയ്യാറാകുന്നില്ല എങ്കിൽ കോൺഗ്രസ്സ് പാർട്ടിയും പഞ്ചായത്ത് മെമ്പർമാരും ആരോപണ വിധേയനെതിരെ പരാതി നൽകുമെന്ന് അറിയിച്ചു.
ഭൂമി കൈയ്യേറ്റങ്ങൾക്കെതിരെ ഇനിയും പോരാടുമെന്നും, കൈയ്യേറ്റക്കാർ ആരായാലും അവർക്കെതിരെ നിൽക്കുമെന്നും നേതാക്കൾ അറിയിച്ചു.
മണ്ഡലം പ്രസിഡൻ്റ് തോമസ് നിരവത്തുപറമ്പിൽ, ബ്ലോക്ക് സെക്രട്ടറി ബിനോയി ചെറുപുഷ്പം, പഞ്ചായത്ത് അംഗങ്ങളായ സന്തോഷ് ഭാസ്കരൻ, റ്റി.എം രതീഷ്, സിജു ജേക്കബ്ബ് എന്നിവർ അറിയിച്ചു.