ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള ആദ്യ ഘട്ടം വോട്ടെടുപ്പ് ഇന്ന് നടക്കും. തെക്കൻ കശ്മീരിലെ നാല് ജില്ലകളടക്കം ഏഴ് ജില്ലകളിലെ 24 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.
ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന 370ാം അനുച്ഛേദം പിൻവലിച്ചശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. കശ്മരിലെ 16ഉം ജമ്മുവിലെ എട്ടും മണ്ഡലങ്ങളിലായി ഇന്ന് നടക്കുന്ന വോട്ടെടുപ്പിൽ 2.3 ലക്ഷം വോട്ടർമാർ വിധിയെഴുതും.
219 സ്ഥാനാർഥികളാണ് ഈ ഘട്ടത്തിൽ മത്സരിക്കുന്നത്. 3276 പോളിങ് സ്റ്റേഷനുകളിലായി നടക്കുന്ന വോട്ടെടുപ്പ് നിയന്ത്രിക്കാൻ 14,000 ഉദ്യോഗസ്ഥരെ നിയോഗിച്ചു.
കുൽഗാം മണ്ഡലത്തിൽ നിന്ന് തുടർച്ചയായി അഞ്ചാം തവണയും ജനവിധി തേടുന്ന സിപിഎമ്മിൻറെ മുഹമ്മദ് യൂസഫ് തരിഗാമിയാണ് ഒന്നാം ഘട്ടത്തിലെ പ്രധാന സ്ഥാനാർഥികളിൽ ഒരാൾ. വോട്ടെടുപ്പ് കണക്കിലെടുത്ത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കശ്മീർ സോൺ ഐ.ജി വി.കെ ബിർദി പറഞ്ഞു.