Timely news thodupuzha

logo

ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റ്; കിരീടം സ്വന്തമാക്കി ഇന്ത്യ

ഹുലുൻബുയിർ: ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്‍റിൽ ഇന്ത്യ അഞ്ചാം വട്ടവും ചാംപ്യൻമാരായി. ചൈനയിൽ നടന്ന ഫൈനലിൽ ആതിഥേയരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ കീഴടക്കിയത്.

ഇന്ത്യയുടെ സമ്പൂർണ ആധിപത്യം കണ്ട ടൂർണമെന്‍റിൽ എല്ലാ മത്സരങ്ങളും ജയിച്ചാണ് ടീം ആധികാരികമായി കിരീടം സ്വന്തമാക്കിയത്. ഡിഫൻഡർ ജുഗ്‌രാജ് സിങ്ങിന്‍റെ പേരിലാണ് മത്സരത്തിലെ ഏക ഗോൾ കുറിക്കപ്പെട്ടത്.

ഇത്രയും മത്സരങ്ങളിൽ ഇന്ത്യ ഏറ്റവും കടുത്ത വെല്ലുവിളി നേരിട്ട മത്സരമായിരുന്നു ഇത്. ആദ്യ മൂന്നു പാദങ്ങളിലും ചൈനയുടെ പ്രതിരോധം ഭേദിക്കാൻ സാധിക്കാതിരുന്ന ഇന്ത്യ അവസാന പാദത്തിലാണ് ജയമുറപ്പിച്ച ഗോൾ സ്വന്തമാക്കുന്നത്, 51ആം മിനിറ്റിൽ.

രണ്ടാം വട്ടം മാത്രമാണ് ചൈന ഒരു അന്താരാഷ്ട്ര ഹോക്കി ടൂർണമെന്‍റിന്‍റെ ഫൈനൽ കളിക്കുന്നത്. ഒളിംപിക്സ് വെങ്കല ജേതാക്കളെ വിറപ്പിച്ച പ്രകടനം പുറത്തെടുക്കാനും അവർക്ക് സാധിച്ചു.

ആദ്യ മത്സരത്തിൽ ഇന്ത്യ ചൈനയെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കിയിരുന്നു. ദക്ഷിണ കൊറിയയെ രണ്ടിനെതിരേ അഞ്ച് ഗോളിന് തോൽപ്പിച്ച പാക്കിസ്ഥാനാണ് മൂന്നാം സ്ഥാനം.

ജേതാക്കളായ ഇന്ത്യൻ ടീമിലെ ഓരോ കളിക്കാർക്കും ഹോക്കി ഇന്ത്യ മൂന്ന് ലക്ഷം രൂപ വീതം പാരിതോഷം പ്രഖ്യാപിച്ചിട്ടുണ്ട്. സപ്പോർട്ട് സ്റ്റാഫിന് ഒന്നര ലക്ഷം രൂപ വീതവും നൽകും.

Leave a Comment

Your email address will not be published. Required fields are marked *