ന്യൂഡൽഹി: എയർ ഇന്ത്യ ജീവനക്കാരനെ വെടിവച്ചു കൊന്ന കേസിൽ ലേഡി ഡോണെന്ന അപരനാമത്തിൽ അറിയപ്പെടുന്ന കാജൽ കത്രി അറസ്റ്റിൽ. ഒളിവിൽ കഴിയുന്നതിനിടെ ഹരിയാനയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കൊലപാതകത്തിനായുള്ള ഗൂഢാലോചന നടത്തിയതിൻറെ പേരിലാണ് അറസ്റ്റ്. ഗ്രേറ്റർ നോയിഡയിലെ സൂരജ് മന്നിനെയാണ് കാജൽ നാല് ലക്ഷം രൂപ നൽകി കൊലപ്പെടുത്തിയത്. കാജൽ കുറ്റസമ്മതം നടത്തിയതായി പൊലീസ് വ്യക്തമാക്കി.
ജയിൽ ശിക്ഷ അനുഭവിക്കുന്ന ഗാംങ്സ്റ്റർ കപിൽ മന്നിൻറെ ഭാര്യയും അവരുടെ സംഘത്തിലെ സജീവ അംഗവുമാണ് കാജൽ. പർവേഷ് മൻ, കപിൽ മൻ എന്നിവർ നയിക്കുന്ന രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് സൂരജിൻറെ കൊലയിൽ കലാശിച്ചത്.
ഇരുവരും മണ്ഡോലി ജയിലിലാണിപ്പോൾ. കപിൽ മന്നിൻറെ പിതാവിനെ കൊലപ്പെടുത്തിയ കേസിലാണ് പർവേഷ് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നത്.
പർവേഷിൻറെ സഹോദരനാണ് സൂരജ്. പർവേഷിന് സാമ്പത്തിക സഹായം ചെയ്തിരുന്നത് സൂരജായിരുന്നു. 2023 ജനുവരി 19നാണ് എയർ ഇന്ത്യ ക്യാബിൻ ക്രൂ അംഗമായ സൂരജ് കൊല്ലപ്പെടുന്നത്. നോയിഡയിലെ ജിമ്മിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് സൂരജിനെ കൊലപ്പെടുത്തിയത്.
നവീൻ ശർമ എന്നയാൾക്ക് 1.5 ലക്ഷം രൂപ അഡ്വാൻസ് ആയി നൽകിയാണ് കൊലയ്ക്കാവശ്യമായ ആയുധങ്ങൾ തയാറാക്കിയത്. ബാക്കി പണം നൽകും മുമ്പെ നവീൻ ശർമ പൊലീസിൻറെ പിടിയിലായി.
ഒളിവിലായിരുന്ന കാജലിൻറെ തലയ്ക്ക് പൊലീസ് 25,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. കപിലിൻറെ അഭാവത്തിൽ 2019 – 2020 കാലഘട്ടത്തിൽ ഗുണ്ടാ സംഘത്തെ നയിച്ചിരുന്നത് കാജലായിരുന്നു.