അടിമാലി: ദേശീയപാത സംരക്ഷണ സമിതിയുടെ നേത്യത്വത്തിൽ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും ചേർന്ന് ഒക്ടോബർ എട്ടിന് ദേവികുളം താലൂക്കിൽ നടത്തിയ പണിമുടക്കും വാളറയിൽ നടന്ന മരം മുറിക്കൽ സമരവും വിജയിപ്പിക്കാൻ വേണ്ടി പരിശ്രമിച്ച നേതാക്കളെയും പ്രവർത്തകരെയും മാധ്യമങ്ങളെയും അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നതായും, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ദേവികുളം താലൂക്കിലെ അംഗങ്ങളുടെയും സഹകരണം വിജയത്തിൻ്റെ മാറ്റ് കൂട്ടുന്നതായും എൻ.എച്ച് സംരക്ഷണ സമിതി ചെയർമാൻ പി.എം.ബേബി, എം.എ.അൻസാരി, കോയ അമ്പാട്ട്, ബഷീർ പഴമ്പിള്ളിത്താഴം എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കക്ഷി രാഷ്ട്രീയത്തിനും മതസമുദായിക വ്യത്യാസങ്ങൾക്കുമതീതമായി യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ദേശീയപാതയോരത്ത് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന സമൂഹത്തിന്റെ ആവശ്യത്തിന് വേണ്ടി ഒരുമിച്ച് നിൽക്കാൻ കഴിയുമെന്ന് ഹൈറേഞ്ച് ജനത തെളിയിച്ചു ബഹുമാനപ്പെട്ട ഹൈക്കോടതിയുടെയും ജില്ലാ കളക്ടറുടെയും ഉത്തരവ് ഉണ്ടായിട്ടും റോഡ് വികസനത്തിന് തടസ്സം നിൽക്കുമെന്നും മനുഷ്യർ മരിച്ചു വീണാലും മരങ്ങൾ മുറിച്ചുമാറ്റില്ലെന്നും നിലപാടെടുത്ത വനംവകുപ്പിന്റെ ജനവിരുദ്ധതക്കും ധിക്കാരത്തിനും അടി കൊടുക്കുകയാണ് ജനങ്ങൾ ചെയ്തത്. സമരത്തിന്റെ ഭാഗമായി റോഡരികിൽ നിന്ന് പാഴ് മരം മുറിച്ചതിന് വനത്തിൽ അതിക്രമിച്ചു കയറി വനവിഭവങ്ങൾ നശിപ്പിച്ചു എന്ന് പറഞ്ഞ് ദേശീയപാത സംരക്ഷണ സമിതിയുടെ നേതാക്കൾക്കെതിരെ കേസെടുത്തിയിരിക്കുകയാണ് കോടതിവിധിയെ പോലും മാനിക്കാൻ തയ്യാറില്ലാത്ത വനിത റേഞ്ച് ഓഫീസറും ഡി.എഫ്.ഒയും ആണ് ഏതു വിധേനയും പ്രശ്നമുണ്ടാക്കിയേ തീരു എന്ന നിലപാടിൽ ഉറച്ചുനിൽക്കുയാണ്.
വനത്തിൽ കയറി മരം മുറിച്ചിട്ടുണ്ടെങ്കിൽ അത് തെളിയിക്കാനുള്ള ബാധ്യത ഉദ്യോഗസ്ഥന്മാർക്കുണ്ട്. ഈ കാര്യത്തിൽ യാതൊരുവിധ ഒത്തുതീർപ്പിനും ദേശീയപാത സംരക്ഷണ സമിതി തയ്യാറല്ല. ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കാതിരിക്കുകയും, നടപ്പാക്കിയവർക്കെതിരെ കേസെടുക്കുകയും ചെയ്യുമ്പോൾ ഗുരുതരമായ കോടതിയലക്ഷ്യ നടപടിയാണ് ഇവരെ കാത്തിരിക്കുന്നത്. കേസെടുത്തുള്ള ഉമ്മാക്കി കാട്ടി പേടിപ്പിക്കാം എന്നാണ് വിചാരിക്കുന്നത് എങ്കിൽ അത് നടപ്പില്ല. മരങ്ങൾ മുറിച്ചുമാറ്റിയില്ലെങ്കിൽ ദേശീയപാത സംരക്ഷണ സമിതി കൂടുതൽ ശക്തമായ സമരങ്ങളുമായി മുന്നോട്ടു പോകാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനുവേണ്ടി പത്തു രൂപ മുതൽ നൂറു രൂപ വരെയുള്ള തുക ആയിരകണക്കിന് ആളുകളിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് ശേഖരിക്കാൻ ഇന്നലെ കൂടിയ ദേശീയപാത സംരക്ഷണ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം. റവന്യൂ വകുപ്പും, വനം വകുപ്പും ഒത്തുകളി അവസാനിപ്പിച്ചുകൊണ്ട് അപകടകരമായ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുകയും ദേശീയപാതയുടെ വികസനം സാധ്യമാക്കുകയും ചെയ്യുന്നില്ലെങ്കിൽ സമാന്തരമായി നിയമ യുദ്ധവും ശക്തമായ സമരപരിപാടികളും എന്ന നയമാണ് സമരസമിതി തീരുമാനിച്ചിട്ടുള്ളത്. ഈ കാര്യങ്ങളിൽ ദേശീയപാത വികസന സമിതിയോട് സഹകരിച്ച മുഴുവൻ ജനവിഭാഗങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നതായി ഭാരവാഹികൾ അറിയിച്ചു.