Timely news thodupuzha

logo

നടൻ സൽമാനെയും അധോലോക കുറ്റവാളി ദാവൂദിനെയും സഹായിക്കുന്നവരെയെല്ലാം തട്ടുമെന്ന് ബിഷ്ണോയ് ഗാങ്ങ്

മുംബൈ: എൻ.സി.പി നേതാവ് ബാബാ സിദ്ദിഖിന്‍റെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത ലോറൻസ് ബിഷ്ണോയ് ഗാങ്ങ് പുതിയ ഭീഷണി‌ മുഴക്കുന്നു. സൽമാൻ ഖാനെ സഹായിക്കുന്ന എല്ലാവർക്കും ബാബാ സിദ്ദിഖിന്‍റെ ഗതി തന്നെയായിരിക്കും എന്നാണ് ഭീഷണി. ബിഷ്ണോയ് ഗ്യാങ്ങിൽപ്പെട്ട ശുഭം രാമേശ്വർ ലോങ്കറെന്ന ഷിബു ലോങ്കറാണ് കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റിൽ ഭീഷണി മുഴക്കിയിരിക്കുന്നത്.

സൽമാൻ ഖാനുമായി മാത്രമല്ല, അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായും ബന്ധമുള്ളതാണ് സിദ്ദിഖിനെ കൊല്ലാൻ കാരണമെന്നും പോസ്റ്റിൽ പറയുന്നു.

സൽമാൻ ഖാന്‍റെ മുംബൈയിലെ വീടിനു മുന്നിൽ ബിഷ്ണോയ് ഗ്യാങ്ങ് നേരത്തെ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സ‌ൃഷ്ടിച്ചിട്ടുമുണ്ട്. ഈ കേസിൽ അറസ്റ്റിലായ അനുജ് തപനെന്ന പ്രതിയുടെ മരണവും ബാബാ സിദ്ദിഖിന്‍റെ വധത്തിന് പ്രകോപനമായെന്നാണ് പോസ്റ്റിലുള്ളത്.

മുംബൈ ക്രൈം ബ്രാഞ്ച് ലോക്കപ്പിൽ തപനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്ന പൊലീസ് ഭാഷ്യം ബന്ധുക്കൾ അംഗീകരിക്കുന്നില്ല. പൊലീസ് കസ്റ്റഡിയിൽ പീഡിപ്പിച്ച് കൊന്നുവെന്നാണ് അവരുടെ ആരോപണം. ഞങ്ങൾക്ക് ആരോടും ശത്രുതയില്ല. പക്ഷേ, സൽമാൻ ഖാനെയും ദാവൂദ് ഇബ്രാഹിനെയും സഹായിക്കുന്ന ആരെയും ഞങ്ങൾ വെറുതേ വിടില്ലെന്നും പോസ്റ്റിൽ പറയുന്നു.

ഈ പോസ്റ്റിന്‍റെ ആധികാരികത പൊലീസ് പരിശോധിച്ച് വരുന്നതേയുള്ളൂ. സൽമാൻ ഖാനും ഷാറുഖ് ഖാനും തമ്മിൽ അഞ്ച് വർഷം നീണ്ട ശീതസമരം ഒത്തുതീർപ്പാക്കിയത് 2013ൽ ബാബാ സിദ്ദിഖ് നടത്തിയ ഇഫ്താർ പാർട്ടിയിൽ വച്ചായിരുന്നു. ബോളിവുഡിൽ മധ്യസ്ഥ വേഷം ഫലപ്രദമായി കൈകാര്യം ചെയ്തിരുന്ന ബാബാ സിദ്ദിഖ് ആഡംബര പാർട്ടികളും ധാരാളമായി സംഘടിപ്പിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *