തൊടുപുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡ് തൃക്കാരിയൂർ ഗ്രൂപ്പ് തൊടുപുഴ സബ് ഗ്രൂപ്പിന് കീഴിലെ, നൂറ്റാണ്ടുകൾ പഴക്കമുള്ള കുന്നം ഗണപതിയാനിക്കൽ ഗണപതി ക്ഷേത്രം പൂജമുട്ടി ഇടിഞ്ഞുപൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ ആയി. രണ്ടുവർഷം മുൻപ് ഭക്തജനങ്ങളുടെ നിരന്തര ഇടപെടലിനെ തുടർന്ന് പൂജ ആരംഭിച്ചെങ്കിലും ക്ഷേത്രം പുനർനിർമ്മിച്ചില്ല. ഉപദേശക സമിതിയുടെ ഇടപെടലിനെ തുടർന്ന് ദേവസ്വം ബോർഡ് മുൻ ഭരണസമിതി പ്ലാനും എസ്റ്റിമേറ്റും എടുത്തെങ്കിലും നിലവിലെ ബോർഡ് വൈരാഗ്യബുദ്ധിയോടെ പെരുമാറി ഈ ഫയൽ തടഞ്ഞു വെച്ചിരിക്കുകയാണ്. വളരെ പെട്ടന്ന് തന്നെ ക്ഷേത്രം പുനർനിർമ്മിക്കണമെന്നുംകയ്യേറ്റം ചെയ്യപ്പെട്ട രണ്ട് ഏക്കർ 83 സെൻ്റ് ക്ഷേത്രഭൂമി തിരികെ പിടിക്കണമെന്നും ആവിശ്യപ്പെട്ടു കൊണ്ടാണ് ഉപദേശകസമിതിയും ഭക്തജനങ്ങളും ചേർന്ന് കുന്നം ഗണപതിയാനിക്കൽ ഗണപതി ക്ഷേത്രാങ്കണത്തിൽ നിന്നും ദേവസ്വം ബോർഡ് തൊടുപുഴ ഓഫീസിലേക്ക് പ്രകടനവും, ധർണയും നടത്തിയത്. ധർണ സുപ്രീം കോടതി അഡ്വക്കേറ്റ് കൃഷ്‌ണരാജ് ഉദ്ഘാടനം ചെയ്തു.
ശനിയാഴ്ച പ്രവൃത്തി ദിവസമായിരുന്നിട്ടും ദേവസ്വം ബോർഡ് ഓഫീസ് തുറന്നിട്ടില്ലായിരുന്നു. ഹിന്ദു സേവാകേന്ദ്രം ഫൗണ്ടറും ഹിന്ദു ആക്റ്റിവിസ്റ്റുമായ അഡ്വക്കേറ്റ് പ്രതീഷ് വിശ്വനാഥൻ, ഉപദേശക സമിതി പ്രസിഡന്റ് വിനോദ് എ.എം, സെക്രട്ടറി മനോജ് സി.ജി എന്നിവർ പ്രസംഗിച്ചു.