തിരുവനന്തപുരം: നിയമസഭ നിർത്തിവെച്ച് വെള്ളക്കരം വർധിപ്പിച്ച നടപടി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നൽകി. അഡ്വ എം വിൻസന്റ് എം.എൽ.എ അടിയന്തിര പ്രമേയ നോട്ടീസിൽ കുറ്റപ്പെടുത്തിയത് യൂണിറ്റിന് മൂന്നിരട്ടിയോളം രൂപ വർധിപ്പിച്ചുവെന്നാണ്. അതേസമയം റോഷി അഗസ്റ്റിൻ വാട്ടർ അതോറിറ്റിയുടെ നഷ്ടക്കണക്ക് നിരത്തി ഇതിനെ പ്രതിരോധിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസ് വാദപ്രതിവാദങ്ങൾക്കൊടുവിൽ തള്ളി. പ്രതിപക്ഷം ഇതിൽ പ്രതിഷേധിച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
റോഷി അഗസ്റ്റിൻ പറഞ്ഞത് നോട്ടീസ് വന്നത് നന്നായെന്നാണ്. വാട്ടർ അതോറിറ്റി 4912.42 കോടി രൂപയുടെ സഞ്ചിത നഷ്ടം നേരിടുന്നു. കെ.എസ്.ഇ.ബിക്ക് മാത്രം 1263 കോടി കൊടുക്കാനുണ്ട്. ഒരു പൈസയാണ് ഒരു ലിറ്റർ വെള്ളത്തിന് കൂടിയത്. കുറച്ച് വെള്ളം ചെലവഴിക്കുവാൻ പ്രേരിപ്പിക്കേണ്ട സമയമായി. പൊതു സമൂഹത്തെ ജല ഉപയോഗത്തിൽ കുറവ് വരുത്താൻ പഠിപ്പിക്കേണ്ടതുണ്ട്. ബ്ലീച്ചിംഗ് പൗഡറുൾപ്പെടെയുള്ള സാധനങ്ങൾക്ക് വില കൂടി. വാട്ടർ അതോറിറ്റി സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പ്രതിപക്ഷം സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.