പോയകാലത്തിന്‍റെ നായികയാണ് ഭാനുപ്രിയ. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും സുരേഷ് ഗോപിയുടെയുമൊക്കെ നായികയായി നിറഞ്ഞുനിന്ന നടി. മലയാളത്തില്‍ സിനിമകളുടെ എണ്ണം കുറവാണെങ്കിലും, തമിഴിലും തെലുങ്കിലുമൊക്കെ ഒരുകാലത്തു നിറഞ്ഞു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഓര്‍മക്കുറവ് അലട്ടുകയാണെന്നും ഭാനുപ്രിയ പറയുന്നു.
അഭിനയിക്കുമ്പോള്‍ പലപ്പോഴും സംഭാഷണങ്ങള്‍ ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല. ഭര്‍ത്താവിന്‍റെ മരണശേഷമാണ് ഈ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഭാനുപ്രിയ. ഷോട്ടിനിടയില്‍ ഡയലോഗ് മറന്നു പോയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
തന്നെക്കുറിച്ച് പല അഭ്യൂഹങ്ങളും പരന്നിട്ടുണ്ടെന്നും ഭാനുപ്രിയ സൂചിപ്പിച്ചു. ആരോഗ്യം മോശമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഭര്‍ത്താവുമായി പിരിഞ്ഞുവെന്നും വാര്‍ത്തകളിറങ്ങി. എണ്‍പതുകളിലെ നടീനടന്മാരുടെ സംഗമം നടക്കുമ്പോഴൊന്നും ആരും തന്നെ വിളിച്ചിട്ടില്ലെന്നും ഭാനുപ്രിയ വ്യക്തമാക്കി. ചെന്നൈയില്‍ അമ്മയ്ക്കും സഹോദരനുമൊപ്പം താമസിക്കുകയാണ് നടിയിപ്പോൾ. ഏകമകള്‍ ലണ്ടനില്‍ പഠിക്കുന്നു.