ന്യൂഡൽഹി: വിക്ടോറിയ ഗൗരിയുടെ നിയമനത്തിനെതിരെയുള്ള ഹർജി തള്ളി നിയമനം ശരിവെച്ച് സുപ്രീം കോടതി. ഉത്തരവ് ഇറക്കുമെന്ന് കോടതി അറിയിച്ചു. കോളീജിയം സർക്കാരിൻറെ വിവരങ്ങൾ മാത്രമല്ല പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഒരു വ്യക്തിയുടെ വിവരങ്ങൾ ഹൈക്കോടതിക്ക് അറിയില്ലെന്ന് എങ്ങനെ പറയും. ഇത്തരം പരാതികൾ ഹർജി അംഗീകരിച്ചാൽ വന്നുകൊണ്ടിരിക്കുമെന്നാണ് ജസ്റ്റിസ് ബി.ആർ ഗവായി സൂചിപ്പിച്ചത്. അതേസമയം, ജഡ്ജിയായി വിക്ടോറിയ ഗൗരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
വിക്ടോറിയ ഗൗരിയുടെ വിദ്വഷ നിലപാടുകളെ കുറിച്ചുള്ള വിവരം കൊളീജിയത്തിന് സർക്കാർ നൽകിയില്ലെന്നും, ജഡ്ജിയാകുന്ന വ്യക്തിയുടെ വീക്ഷണങ്ങളെയാണ് എതിർക്കുന്നതെന്നും ആനന്ദ് ഗ്രോവർ വിശദ്ദമാക്കി. ഈ പരാതികൾ കൊളീജിയം പരിഗണിച്ചില്ലെന്ന് കരുതുന്നത് ശരിയല്ലെന്നായിരുന്നു ജസ്റ്റിസ് ഖന്ന മറുപടി നൽകിയത്. ഇടപെടാനുള്ള സാഹചര്യം ഇപ്പോഴുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമനം നടന്നത് കേസ് കോടതിയിൽ ഉള്ളപ്പോഴാണെന്ന് ഹർജിക്കാർ വാദിച്ചു. അതേസമയം, കോടതിക്ക് കൊളീജിയം തീരുമാനം റദ്ദാക്കാനാവില്ലെന്ന് ജസ്റ്റിസ് ഖന്ന തുറന്നടിക്കുകയുണ്ടായി.