തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ ചോദ്യമുന്നറിയിച്ച മാധ്യമപ്രവർത്തകനെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഭീഷണിപ്പെടുത്തിയതായി പരാതി. തിങ്കളാഴ്ച രാവിലെ ഹോട്ടൽ ഉദ്ഘാടനത്തിനെത്തിയപ്പോൾ മുനമ്പം വിഷയത്തിൽ നടത്തിയ വിവാദ പരാമർശത്തെക്കുറിച്ച് ചോദിച്ചതാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്. തുടർന്ന് മുറിയിലേക്ക് വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് ചാനൽ റിപ്പോർട്ടർ അലക്സ് റാം മുഹമ്മദ് നൽകിയ പരാതിയിൽ പറയുന്നു. മാധ്യമപ്രവർത്തകർക്ക് നേരേയുള്ള മന്ത്രിയുടെ അധിക്ഷേപവും വിരട്ടലും അപലപനീയമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ കെ.യു.ഡബ്ലു.ജെ അറിയിച്ചു. ഇതിനെതിരേ ചൊവ്വാഴ്ച പ്രതിഷേധദിനം ആചരിക്കുകയാണ്.