Timely news thodupuzha

logo

മണിപ്പൂരിൽ സുരക്ഷാസേന 11 അക്രമികളെ വധിച്ചു

ഇംഫാൽ: മണിപ്പുരിൽ സി.ആർ.പി.എഫ് ക്യാംപും പൊലീസ് സ്റ്റേഷനും ആക്രമിച്ച സായുധ സംഘത്തിലെ 11 പേരെ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിൽ രക്ഷാസേന വധിച്ചു.

ഏറ്റുമുട്ടലിൽ രണ്ടു സിആർപിഎഫ് ജവാന്മാർക്കു പരുക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ജിരിബാം ജില്ലയിലെ ബൊറൊബെക്രയ്ക്കു സമീപം ജകുറദോറിലായിരുന്നു സംസ്ഥാനം വീണ്ടും സംഘർഷത്തിലേക്ക് നീങ്ങുന്നുവെന്ന സൂചന നൽകുന്ന ഏറ്റുമുട്ടൽ. വെടിവയ്പ്പ് അവസാനിച്ചപ്പോൾ പ്രദേശത്ത് അഞ്ചു പേരെ കാണാതായിട്ടുണ്ട്.

ഇവരെ അക്രമികൾ തട്ടിക്കൊണ്ടുപോയെന്ന സംശയത്തിൽ തെരച്ചിൽ തുടങ്ങി. എന്നാൽ, കൊല്ലപ്പെട്ടത് വില്ലെജ് വൊളന്‍റിയർമാരാണെന്ന് അവകാശപ്പെട്ട കുകി സോ കൗൺസിൽ ചൊവ്വാഴ്ച രാവിലെ അഞ്ചു മുതൽ വൈകിട്ട് ആറ് വരെ സംസ്ഥാനത്തെ മലയോര ജില്ലകളിൽ ബന്ദിന് ആഹ്വാനം ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് കാമോഫ്ലാഷ് യൂണിഫോമിലെത്തിയ സായുധ സംഘം ആദ്യം ബൊറൊബെക്ര പൊലീസ് സ്റ്റേഷനാണ് ആക്രമിച്ചത്.

തുടർന്ന് ജകുദോറ ചന്തയിലേക്കു നീങ്ങിയ സംഘം പോകുന്ന വഴിയിലെ കടകളും വീടുകളുമെല്ലാം തകർത്തു. ഇതിനുശേഷമാണു സിആർപിഎഫ് ക്യാംപ് ആക്രമിച്ചത്.

ഇതോടെ, ജവാന്മാർ തിരിച്ചടിച്ചു. മണിക്കൂറുകൾക്കുശേഷം വെടിവയ്പ്പ് അവസാനിച്ചപ്പോൾ നടത്തിയ പരിശോധനയിലാണു 11 മൃതദേഹങ്ങൾ കണ്ടെത്തിയത്. ഗ്രാമത്തിൽ നിന്ന് അഞ്ച് പേരെ കാണാതായെന്നും അറിവായി. അക്രമി സംഘം ഇവരെ തട്ടിക്കൊണ്ടുപോയെന്നാണു സംശയം. കൊല്ലപ്പെട്ടവരിൽ നിന്ന് എ.കെ 47, എസ്.എൽ.ആർ, ഇൻസാസ് തുടങ്ങി വിവിധ തരം തോക്കുകളും തിരകളും കണ്ടെടുത്തു.

പ്രദേശത്ത് അസം റൈഫിൾസ്, സിആർപിഎഫ്, സംസ്ഥാന പൊലീസ് സേനയുടെ കൂടുതൽ ബറ്റാലിയനുകളെത്തി തെരച്ചിൽ തുടങ്ങി. അതേസമയം, 11 വിലപ്പെട്ട ജീവനുകളാണ് തങ്ങൾക്കു നഷ്ടമായതെന്നു കുകി സോ കൗൺസിൽ പ്രതികരിച്ചു.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കു മാത്രമല്ല, സമാധാനത്തിനും നീതിക്കും സുരക്ഷയ്ക്കും വേണ്ടി നിലകൊള്ളുന്ന കുകി സോ സമുദായത്തിന് തന്നെ ഇത് തിരിച്ചടിയാണെന്നാണ് കൗൺസിലിന്‍റെ വാദം. സംഘർഷത്തെ തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കഴിഞ്ഞ ജൂൺ മുതൽ നിരവധി സംഘർഷങ്ങൾക്ക് വേദിയാണ് ബൊറൊബെക്ര. കഴിഞ്ഞയാഴ്ച ഇവിടെ സൈറൺ ഹെമർ ഗ്രാമത്തിൽ സായുധ സംഘം മുപ്പത്തൊന്നുകാരിയെ കൊലപ്പെടുത്തുകയും ആറ് വീടുകൾക്ക് തീവയ്ക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം മേയിൽ തുടങ്ങിയ കുകി – മെയ്തി ഗോത്ര കലാപത്തിൽ ഇതുവരെ 200ലേറെ പേരാണ് മരിച്ചത്. ആയിരങ്ങൾക്ക് വീട് നഷ്ടമായി.

Leave a Comment

Your email address will not be published. Required fields are marked *