മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെതിരേയുണ്ടായ വധഭീഷണിക്കേസിൽ ഗാനരചയിതാവ് അറസ്റ്റിൽ. സൽമാൻ അഭിനയിക്കുന്ന അടുത്ത ചിത്രമായ മേൻ ഹൂൻ സിക്കന്ദർ എന്ന സിനിമയിലെ ഗാനമെഴുതുന്ന യൂട്യൂബർ കൂടിയായ റസീൽ പാഷ എന്ന് അറിയപ്പെടുന്ന സൊഹൈൽ പാഷ ആണ് പിടിയിലായത്.
സൽമാനെ പ്രകീർത്തിച്ചെഴുതിയ ഗാനം ശ്രദ്ധേയമാകാനും കൂടുതൽ പണം ലഭിക്കാനുമാണ് വധഭീഷണി മുഴക്കിയതെന്നാണ് ഇയാളുടെ മൊഴി. കഴിഞ്ഞ ഏഴിനാണ് മുംബൈ പൊലീസിൻറെ ഔദ്യോഗിക വാട്സാപ്പിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്.
അഞ്ച് ലക്ഷം രൂപ നൽകിയില്ലെങ്കിൽ സൽമാനെ പ്രകീർത്തിച്ചെഴുതിയ കവിയെയും സൽമാനെയും വധിക്കുമെന്നായിരുന്നു ഭീഷണി. സന്ദേശം ലഭിച്ച നമ്പറിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സന്ദേശം വന്നിരിക്കുന്ന കർണാടകയിൽ നിന്നുള്ള ഫോൺ നമ്പറിൽ നിന്നാണെന്ന് കണ്ടെത്തി.
കർണാടകയിലെത്തിയ പൊലീസ് സംഘം ഫോൺ നമ്പറിൻറെ ഉടമയെ പിടികൂടി. പക്ഷെ സാധാരണ കർഷകനായ അയാളുടെ കൈയിൽ വാട്സാപ്പും നെറ്റുമില്ലാത്ത സാധാരണ കീപാഡ് ഫോൺ മാത്രമേ ഉള്ളൂവെന്ന് കണ്ടെത്തിയതോടെ പൊലീസ് വീണ്ടും പ്രതിസന്ധിയിലായി.
ചോദ്യം ചെയ്യലിൽ ചന്തയിൽ വച്ചൊരാൾ തൻറെ മൊബൈൽ വാങ്ങിയിരുന്നുവെന്നും കൂടുതലൊന്നും തനിക്കറിയില്ലെന്നും അയാൾ മൊഴി നൽകി. മൊബൈലിൽ നിന്ന് വാട്സാപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ഒടിപിയും കണ്ടെത്തിയതോടെ കാര്യങ്ങൾ ഏറെക്കുറേ വ്യക്തമാക്കി.
വീണ്ടും ശാസ്ത്രീയമായി അന്വേഷണം നടത്തിയതോടെയാണ് കർഷകൻറ ഫോൺ നമ്പർ ഉപയോഗിച്ച് സ്വന്തം ഫോണിൽ വാട്സാപ്പ് ഇൻസ്റ്റാൾ ചെയ്ത് സന്ദേശം അയച്ചിരുന്ന സൊഹൈൽ പിടിയിലായത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.