Timely news thodupuzha

logo

കോട്ടയത്ത് യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം അക്രമാസക്തമായി; പൊലീസ് ജലപീരങ്കി ഉപയോഗിച്ചു

കോട്ടയം: ജനത്തിന്‍റെ നടുവൊടിക്കുന്ന ജനദ്രോഹ ബജറ്റിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. കലക്ട്രേറ്റ് കവാടത്തിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ചിന്തു കുര്യൻ ജോയിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ചിന്തു അടക്കമുള്ള നാലോളം പ്രവർത്തകർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വെള്ളക്കരം വർധിപ്പിച്ചതിലും ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെയാണ് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയത്. കലക്ട്രേറ്റിനു മുന്നിൽ പൊലീസ് ബാരിക്കേഡ് ഉയർത്തി പ്രവർത്തകരെ തടഞ്ഞു. 

ഈ ബാരിക്കേഡ് മറികടക്കുന്നതിനിടെയാണ് പ്രവർത്തകർ പൊലീസിന് നേരെ വെള്ളം നിറച്ച ബലൂണുകൾ എറിഞ്ഞത്. തുടർന്ന് നടന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇതിനുശേഷവും പ്രവർത്തകർ പൊലീസിന് നേരെ വാട്ടർ ബലൂണുകൾ പ്രയോഗിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. പിന്നീട് പ്രവർത്തകർ കൈയ്യിൽ കിട്ടിയതെല്ലാം കൊണ്ട് പൊലീസിനു നേരെ വലിച്ചെറിഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *