Timely news thodupuzha

logo

സാങ്കേതിക സര്‍വകലാശാലയില്‍ 6 സിന്‍ഡിക്കേറ്റ് അംഗങ്ങളെ പുറത്താക്കണം; വി ഡി സതീശൻ

കോട്ടയം: കെ.ടി.യുവില്‍ നിയമവിരുദ്ധമായി തുടരുന്ന 6 സിന്‍ഡിക്കേറ്റ് അംഗങ്ങളെ പുറത്താക്കണമെന്നും, കേരളം കടക്കെണിയിൽ അല്ലെങ്കിൽ 4000 കോടിയുടെ നികുതി അടിച്ചേൽപ്പിച്ചതെന്തിനെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സത്യഗ്രഹത്തെ തള്ളിപ്പറയുന്നത് ഗാന്ധി നിന്ദയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

സാങ്കേതിക സര്‍വകലാശാലയില്‍ നിയമവിരുദ്ധമായാണ് 6 സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തുടരുന്നത്. 2021 ഒക്റ്റോബറില്‍ പാസാക്കിയ സാങ്കേതിക സര്‍വകലാശാല ബില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പുവച്ചില്ല. ബില്‍ വന്നതോടെ നവംബര്‍ 14ന് ഓര്‍ഡിനന്‍സും കാലഹരണപ്പെട്ടു. ഈ ഓര്‍ഡിനന്‍സിൻ്റെ അടിസ്ഥാനത്തിലാണ് 6 സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നിയമിതരായത്. മുന്‍ എം.പി പി.കെ ബിജു, അഡ്വ. ഐ സാജു, ഡോ. യമുന, വിനോദ് കുമാര്‍ ജേക്കബ്, ജി സഞ്ജീവ്, വിനോദ് മോഹന്‍ ഉള്‍പ്പെടെയുള്ളവര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ എല്ലാ അധികാരങ്ങളും ഉപയോഗിച്ച് ദൈനംദിന ഭരണത്തിലും നിയമനത്തിലും ഇടപെടുകയാണ്. ഇവര്‍ വി.സിയെ പോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ഇവരെ അടിയന്തിരമായി പുറത്താക്കണം. ഒന്നേകാല്‍ വര്‍ഷം ഇവര്‍ കൈപ്പറ്റിയ 50 ലക്ഷം രൂപയും തിരിച്ച് പിടിച്ച് ഇവര്‍ എടുത്ത തീരുമാനങ്ങളൊക്കെ പിന്‍വലിക്കണം. ഇതൊക്കെ കേരളത്തിലെ ഒരു സര്‍വകലാശാലയിലും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണെന്നും വി.ഡി സതീശൻ കോട്ടയത്ത് ആരോപിച്ചു

പ്രതിപക്ഷത്തിന് സത്യഗ്രഹ സമരം മാത്രമെ നടത്താന്‍ അറിയൂവെന്നാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. സത്യഗ്രഹത്തെ തള്ളിപ്പറയുന്നത് ഗാന്ധിജിയെ തള്ളിപ്പറയുന്നത് പോലെയാണ്. ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രിയും ഗാന്ധി നിന്ദ നടത്തുകയാണ്. കമ്പ്യൂട്ടറിനും ട്രാക്റ്ററിനും സ്വാശ്രയ കോളെജുകള്‍ക്കും എഡി.ബി.ക്കുമെതിരെ സമരം ചെയ്ത സി.പി.എം പിന്നീട് അതില്‍ നിന്നൊക്കെ യു ടേണ്‍ അടിച്ചു. കമ്പ്യൂട്ടറിനെതിരെ സമരം നടത്തിയവര്‍ ഇപ്പോള്‍ ലാപ്‌ടോപ്പ് ഉപയോഗിക്കുന്നു. വാട്ടര്‍ അഥോറിറ്റിയില്‍ 2500 കോടിയുടെ വിദേശ സഹായം വാങ്ങി. ടി.പി ശ്രീനിവാസൻ്റെ കരണത്തടിച്ചവര്‍ വിദേശ സര്‍വകലാശാലകള്‍ കൊണ്ടുവരുകയാണ്. ജനകീയ വിഷയങ്ങളിലാണ് യു.ഡി.എഫ് സമരം നടത്തുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ സി.പി.എമ്മും ബി.ജെ.പിയും സമരം നടത്തിയിട്ടുണ്ട്. അവര്‍ ഒന്നിച്ചാണ് സമരം ചെയ്തതെന്ന് യു.ഡി.എഫ് ആരോപിച്ചിട്ടില്ല. എന്നിട്ടാണ് സര്‍ക്കാരിനെതിരെ യു.ഡി.എഫും കോണ്‍ഗ്രസും ഒന്നിച്ചാണ് സമരം നടത്തുന്നതെന്ന് മുഖ്യമന്ത്രി പറയുന്നത്. വെറുതെ കേന്ദ്ര വിരുദ്ധത പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ബജറ്റിനെതിരെ യു.ഡി.എഫ് പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന് ദിനംപ്രതി തെളിഞ്ഞുകൊണ്ടിരിക്കുന്നു. നികുതി പിരിവിലുണ്ടായ അപകടകരമായ പരാജയമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. സര്‍ക്കാരിൻ്റെ അനാസ്ഥ കൊണ്ടുണ്ടായ ബാധ്യതയാണ് ജനങ്ങള്‍ക്ക് മേല്‍ കെട്ടിവയ്ക്കുന്നത്. അതുതന്നെയാണ് ഇന്നലെ സി.എ.ജി റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 10000 കോടിയോളം രൂപ സ്വര്‍ണത്തില്‍ നിന്നും പിരിച്ചെടുക്കാനുണ്ട്. ബാറുകളില്‍ ടേണ്‍ ഓവര്‍ ടാക്‌സും പിരിച്ചിട്ടില്ല. ചെക്ക് പോസ്റ്റും ക്യാമറയും പരിശോധനകളും ഇല്ലാത്ത അരാജകത്വമാണ് നികുതി വകുപ്പില്‍ നടക്കുന്നത്. നികുതി വകുപ്പിനുണ്ടായ പരാജയവും ധൂര്‍ത്തുമാണ് സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയതെന്നും സതീശൻ പറഞ്ഞു.

കേരളം കടക്കെണിയില്‍ അല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക നിലയും കടവും തമ്മിലുള്ള അനുപാതം 39.1 ആണ്. മറ്റൊരു സംസ്ഥാനത്തും ഈ അവസ്ഥയിലല്ല. 19 സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തിയുള്ള പഠനത്തിലും 5 വര്‍ഷത്തിനിടെ കേരളത്തിലെ നികുതി വരുമാന വര്‍ധന വെറും 2 ശതമാനമാണ്. ജി.എസ്.ടിയില്‍ ഏറ്റവും കൂടുതല്‍ നികുതി വരുമാനം കിട്ടേണ്ട സംസ്ഥാനം കേരളമായിരുന്നു. നികുതി പിരിച്ചെടുക്കുന്നതിലുള്ള പരാജയം മറച്ച് വച്ചുകൊണ്ട് സര്‍ക്കാര്‍ സാധാരണക്കാരെ പിഴിയുകയാണ്. ജപ്തി നടപടിയെ തുടര്‍ന്ന് വൈക്കത്ത് കര്‍ഷകനും 6 മാസമായി ശമ്പളം ലഭിക്കാതെ പത്താനാപുരത്ത് സാക്ഷരതാ പ്രേരകും ആത്മഹത്യ ചെയ്തു. തളര്‍ന്ന് കിടക്കുന്നവരെ പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസ കിരണം പെന്‍ഷന്‍ വിതരണം ചെയ്തിട്ട് 14 മാസമായി. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വീടുകളില്‍ വിതരണം ചെയ്യുന്നവര്‍ക്കുള്ള വേതനം ഒരു വര്‍ഷമായി നല്‍കുന്നില്ല. എന്നിട്ടാണ് സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന് ഞെളിഞ്ഞിരുന്ന് മുഖ്യമന്ത്രി പറയുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു. 

കര്‍ഷക കടാശ്വാസ കമ്മിഷന്‍ 400 കോടി രൂപയാണ് കൊടുക്കാനുള്ളത്. സാമ്പത്തിക പ്രതിസന്ധി ഇല്ലെങ്കില്‍ ഇതൊക്കെ കൊടുക്കാത്തത് എന്തുകൊണ്ടാണ്? കടക്കെണി ഇല്ലെങ്കില്‍ എന്തിനാണ് 4000 കോടിയുടെ നികുതി ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചത്. കിഫ്ബിയുടെ കാര്യം ഇപ്പോള്‍ തീരുമാനമായി. കിഫ്ബിയുടെ കടം സര്‍ക്കാരിൻ്റെ ബാധ്യതയാകുമെന്ന് പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. ഇപ്പോള്‍ അത് സംഭവിച്ചു. 19 സംസ്ഥാനങ്ങളില്‍ 5 വര്‍ഷത്തിനിടെ ഏറ്റവും കുറവ് സാമൂഹി സുരക്ഷാ പദ്ധതികള്‍ നടപ്പാക്കിയ സംസ്ഥാനമാണ് കേരളമെന്നും സതീശൻ ചൂണ്ടിക്കാട്ടി.

നികുതിക്കൊള്ളയ്‌ക്കെതിരെ 13, 14 തീയതികളില്‍ യു.ഡി.എഫ് രാപ്പകല്‍ സമരം സംഘടിപ്പിക്കും. യു.ഡി.എഫിലെ ഘടകകക്ഷികളുടേതായ സമരങ്ങളും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. സര്‍ക്കാരിൻ്റെ കെടുകാര്യസ്ഥതയും അനാസ്ഥയുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് ഞങ്ങള്‍ ജനങ്ങളോട് പറയും. കോട്ടയത്ത് നാളെ കര്‍ഷക സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടക്കും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിര യു.ഡി.എഫ് എല്ലാ കാര്‍ഷിക മേഖലകളിലും പോര്‍മുഖം തുറക്കും. ജനകീയ പ്രശ്‌നങ്ങളില്‍ മാത്രമാണ് യു.ഡി.എഫ് സമരം. എങ്ങനെ സമരം ചെയ്യണമെന്ന് മുഖ്യമന്ത്രി പഠിപ്പിക്കേണ്ടന്നും കോട്ടയം പ്രസ് ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *