ആലപ്പുഴ: ദേശീയപാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു. കാറിൽ 11 പേരാണുണ്ടായിരുന്നത്. ആറു പേർക്കാണ് പരുക്കേറ്റത്.
രണ്ട് പേരുടെ നില അതീവഗുരുതരമാണ്. മെഡിക്കൽ ബോർഡ് രൂപീകരിക്കാനും തീരുമാനം. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് ആരോഗ്യ സർവകലാശാല ഏറ്റെടുക്കും.
ആലപ്പുഴ ഗവൺമെൻറ് മെഡിക്കൽ കോളെജിലെ ഒന്നാം വർഷ വിദ്യാർഥികളായ മലപ്പുറം കോട്ടയ്ക്കൽ ദേവനന്ദൻ(19), പാലക്കാട് ശ്രീവിഹാറിൽ ശ്രീദേവ് വൽസൺ (19). കോട്ടയം കരിങ്കുഴിക്കൽ ആയുഷ് ഷാജി(19), ലക്ഷദ്വീപ് സ്വദേശി പി.പി. മുഹമ്മദ് ഇബ്രാഹിം (19), കണ്ണൂർ സ്വദേശി അബ്ദുൽ ജബ്ബാർ (19) എന്നിവരാണ് മരിച്ചത്.
കളർകോട് ചങ്ങനാശേരി മുക്ക് ജംഗ്ഷനിലാണ് അപകടമുണ്ടായത്. മഴ കാരണം കാഴ്ച മങ്ങിയതും അമിതഭാരവുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
കെഎസ്ആർടിസി ബസിലേക്ക് കാർ വന്നിടിക്കുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർഥികളെ പുറത്തെടുത്തത്. എല്ലാവരും മെഡിക്കൽ കോളെജിലെ ഒന്നാം വർഷ വിദ്യാർഥികളാണ്. 15 ബസ് യാത്രക്കാർക്കും പരുക്കേറ്റു.
ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് പോകുന്ന ബസുമായാണ് കൂട്ടിയിടിച്ചത്. രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. ടവേര വാഹനത്തിൽ സിനിമയ്ക്ക് പോകുകയായിരുന്നു വിദ്യാർത്ഥികൾ.