Timely news thodupuzha

logo

പൂരത്തിന് ആനയെഴുന്നള്ളിപ്പിൽ ഹൈക്കോടതി ഉത്തരവ് അപ്രയോഗികമെന്ന് മന്ത്രി കെ രാജൻ

തൃശൂർ: ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരേ റവന‍്യൂ മന്ത്രി കെ രാജൻ. ഹൈക്കോടതി ഉത്തരവ് അപ്രയോഗികമാണെന്നും കോടതിയുടെ ചില നിരീക്ഷണങ്ങളോട് യോജിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നിയമനിർമാണത്തിലൂടെ പ്രശ്നത്തിന് പരിഹാരം കാണാനുള്ള ആലോചനയിലാണ് സർക്കാരെന്ന് മന്ത്രി കൂട്ടിച്ചേർത്തു. മുഖ‍്യമന്ത്രിയുടെ നേതൃത്വത്തിൽ ഈ ആഴ്ച ഉന്നതതല യോഗം വിളിക്കുമെന്നും തൃശൂർ പൂരം ഒരു കോട്ടവും തട്ടാതെ നടത്തണമെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി വ‍്യക്തമാക്കി.

അതേസമയം, ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി മാർഗനിർദേശങ്ങൾക്കെതിരെ ക്ഷേത്ര ഉത്സവ കമ്മിറ്റി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിവേദനം നൽകിയിട്ടുണ്ട്.

നിലവിലുള്ള മാർഗനിർദേശങ്ങൾ കേരളത്തിൻറെ പൈതൃകത്തെ നശിപ്പിക്കുമെന്നും ഹർജി പരിഗണിക്കുന്ന ബെഞ്ച് വിഷയം കൃതൃമായി പഠിച്ചിട്ടില്ലെന്നും ഇതിൽ പറയുന്നു. കഴിഞ്ഞ മാസം നവംബർ 14നായിരുന്നു ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കർശന നിബന്ധനകളോടുകൂടി ഹൈക്കോടതി മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.

തുടർച്ചയായി മൂന്ന് മണികൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിർത്തരുത്, നല്ല ഭക്ഷണം, വിശ്രമം, എഴുന്നള്ളിക്കാൻ ആവശ‍്യമായ സ്ഥലം എന്നിങ്ങനെയുള്ള മാർഗനിർദേശങ്ങളാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്.

ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം വേണമെന്ന് നിഷ്കർഷിച്ച കോടതി, ആനയും ആളുകളുമായുള്ള അകലത്തിൻ്റെ കാര്യത്തിൽ നിബന്ധന വച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *