ഇടുക്കി: കഴിഞ്ഞ ഞായറാഴ്ച രാത്രി ഇടുക്കി തോപ്രാംകുടിയിലെ ക്ഷേത്രത്തിൽ ഉത്സവത്തിനിടയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടതാണ് മുരിക്കാശ്ശേരി പോലീസ് എട്ടു പേരെ കസ്റ്റഡിയിലെടുത്തത്. ക്ഷേത്രാങ്കണത്തിൽ ഗാനമേളയ്ക്കിടെയുണ്ടായ സംഘർഷമാണ് സംഭവത്തിൻ്റെ ആരംഭം. പോലീസ് എത്തി ബഹളം ഉണ്ടാക്കിയവരെ സ്ഥലത്തുനിന്ന് മാറ്റിയെങ്കിലും ഒരു മണിക്കൂറിനു ശേഷം ടൗണിൽ വച്ച് തോപ്രാംകുടി സ്വദേശിയും ടൗണിലെ ലോട്ടറി വ്യാപാരിയുമായ കുഴിക്കാട്ട് ജിജേഷിനെ ഒരു സംഘം ആളുകൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. കമ്പിവടിയും കുറുവടികളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ജിജേഷിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഇയാൾ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിൽസയിലാണ്. അക്രമണത്തിന് ശേഷം സ്ഥലത്തുനിന്നും രക്ഷപെട്ട് കടന്നു കളഞ്ഞ എട്ടുപേരെയാണ് ഇന്നു പുലർച്ചെ എറണാകുളത്തു നിന്നും മുരിക്കാശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചത്. തുടർന്ന് ഇടുക്കി ഡിവൈഎസ്പി സ്ഥലത്ത് എത്തിയ ശേഷം മുരിക്കാശ്ശേരി സ്റ്റേഷൻ ചുമതലയുള്ള കഞ്ഞിക്കുഴി സർക്കിൾ ഇൻസ്പെക്ടർ അനൂപ് ജി അറസ്റ്റ് രേഖപ്പെടുത്തി – പ്രതികളെ തോപ്രാംകുടിയിൽ സംഭവം സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
കാമാക്ഷി അമ്പലമേട് സ്വദേശികളായ അനന്ദു, സച്ചു , തോപ്രാംകുടി സ്വദേശികളായ ശരത്,രാഹുൽ, അരുൺ,അഭിലാഷ്, പ്രകാശ് കമ്പിളികണ്ടം സ്വദേശി നോബിൾ മത്തായി, പടമുഖം സ്വദേശി സുനീഷ്, കൊന്നക്കാമാലി സ്വദേശി വിഷ്ണു എന്നിവരെയാണ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിൽ മറ്റ് കൂട്ടു പ്രതികൾ ഉണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.പ്രതികളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് ഇടുക്കി ഡിവൈഎസ്പി ജിൽസൺ മാത്യു പറഞ്ഞു.