തൊടുപുഴ: വാട്ടർ അതോറിറ്റി തൊടുപുഴ ഡിവിഷന് കീഴിൽ മുന്നറിയിപ്പില്ലാതെ മൊബെൽ വഴിയുള്ള മീറ്റർ റീഡിംഗ് വാട്ടർ അതോറിറ്റി നിർത്തിവച്ചു. സംസ്ഥാന വ്യാപകമായി പാം ഹെൽഡ് മിഷ്യൻ ഉപയോഗിച്ച് മീറ്റർ റീഡിംഗ് എടുക്കുന്ന രീതി വാട്ടർ അതോറിറ്റി നടപ്പിലാക്കി വരികയാണ്. എന്നാൽ തൊടുപുഴയിൽ മാത്രം ഇതിനായുള്ള മെഷീനുകൾ നൽകിയിട്ടില്ല.
പുതിയ മിഷ്യനുകൾ അടുത്ത ഒക്ടോബർ മാസത്തിൽ മാത്രമേ എത്തുകയുള്ളു എന്ന് അധികൃതർ വ്യക്തമാക്കി . ആ സാഹചര്യത്തിലാണ് നിലവിലെ മൊബൽ റീഡിംഗ് രീതി മുന്നറിയിപ്പില്ലാതെ നിർത്തലാക്കിയത്. പുതിയ മിഷ്യനുകൾ അനുവദിക്കുന്നത് വരെ ബിൽ എഴുതി കൊടുക്കുവാനാണ്, മീറ്റർ റീഡർമാരോട് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി മൊബെൽ അപ്ലിക്കേഷൻ വഴിയുള്ള റീഡിംഗ് എടുക്കുന്നതിനാൽ പഴയ രീതിയിലേക്ക് മടങ്ങുന്നത് റീഡിംഗ് അവതാളത്തിൽ ആക്കുമെന്ന് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ പുതിയ സംവിധാനം തുടങ്ങുന്നത് വരെ മൊബെൽ റീഡിംഗ് തുടരണമെന്ന് ജീവനക്കാർ ആവശ്യപ്പെടുന്നു.
ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തീരുമാനം പിൻവലിക്കണമെന്നും തൊടുപുഴ ഡിവിഷന് കീഴിൽ പുതിയ രീതിയിൽ റീഡിംഗ് എടുക്കുന്നതിനായുള്ള മിഷ്യനുകൾ ഉടനടി അനുവദിക്കണമെന്നും അതുവരെ മൊബെൽ ആപ്ലിക്കേഷൻ വഴി റീഡിംഗ് എടുക്കുന്നത് തുടരാനുള്ള അനുമതി നൽകണമെന്നും കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ റ്റി.യു.സി) ഇടുക്കി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.